കണ്ണൂർ: കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്തെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ദുരന്തഫലമാണ് താളിക്കാവിലെ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. മഞ്ചപ്പാലം ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള മാലിന്യ പൈപ്പ് പൊട്ടി കിണറുകൾ മലിനമായതോടെ താളിക്കാവിലെ കുടുംബങ്ങളും വ്യാപാരികളും കുടിവെള്ളം പോലും കിട്ടാതെ ദുരിതത്തിലാണ്.
കടുത്ത വേനലിലും വിലകൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് അൻപതോളം കുടുംബങ്ങൾ. പ്രദേശത്തെ ആരാധനാലയത്തിലെ കിണറും മലിനമായിട്ടുണ്ട്. പൊട്ടിയ പൈപ്പിലൂടെ പുറത്തെത്തുന്ന മാലിന്യം കാൽനടയാത്രക്കാരുടെയും വ്യാപാരികളുടെയും മേൽ തെറിക്കുന്ന അവസ്ഥയാണെന്നും മൂക്കുപൊത്തി നടക്കാൻ പോലും പറ്റാത്ത രീതിയിൽ നഗരം വൃത്തിഹീനമായെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മലിനജല പൈപ്പിലേക്ക് അനധികൃതമായി കൂടുതൽ കണക്ഷനുകൾ നൽകിയതും കക്കൂസ് മാലിന്യം ഉൾപ്പെടെ കടത്തിവിടുന്നതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. നിലവിൽ വിജിലൻസ് അന്വേഷിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് അഴിമതിയുടെ തുടർച്ചയാണിതെന്നും, താളിക്കാവിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു.

