കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. നാല് മാസം കൊണ്ട് സിലിണ്ടറിന് ഇരട്ടി തുകയാണ് വർധിപ്പിച്ചിരിക്കുന്നതെന്നും ഇത് ഹോട്ടൽ-കാറ്ററിംഗ് മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നും അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു.
തിരഞ്ഞെടുപ്പിന് പിന്നാലെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ വിലവർധന നടപ്പിലാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളത്ത് ഐഒസി (IOC) ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയതോടെ സംസ്ഥാനത്ത് സിലിണ്ടർ വില മൂവായിരം രൂപ കടന്നു. ഇതോടെ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരാകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം ആറാം തവണയാണ് വാണിജ്യ സിലിണ്ടറിന് വില വർധിപ്പിക്കുന്നത്.

