ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുന്നതാണ് ഇന്ധനവിലയെ ബാധിച്ചത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.
പുതിയ വർധനവോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 3085 രൂപയാകും. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമാണ് പുതിയ നിരക്ക്. ഡൽഹിയിൽ 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും വില ഉയർന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ചെറുകിട വ്യവസായങ്ങളെ ഈ വിലവർധനവ് സാരമായി ബാധിക്കും.
ഗാർഹിക പാചകവാതക ബുക്കിംഗിലും മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. നഗരപ്രദേശങ്ങളിൽ ഇനി 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയൂ. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. കൂടാതെ, സിലിണ്ടർ കൈപ്പറ്റുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി (Delivery Authentication Code) നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

