കണ്ണൂർ: കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്ന വിജയം യു.ഡി.എഫ് നേടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിറ്റ് പോളുകളിലല്ല, മറിച്ച് ജനവിധിയിലാണ് വിശ്വാസമെന്നും മെയ് നാലാം തീയതി യു.ഡി.എഫിന്റെ വിജയദിനമായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കണ്ണൂരിലടക്കം അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ശക്തമായ വികാരവും കോൺഗ്രസിന്റെ ഇന്ദിരാ ഗ്യാരണ്ടിയോടുള്ള പ്രതിബദ്ധതയും ജനങ്ങൾ വോട്ടായി മാറ്റിയിട്ടുണ്ട്. മൂന്ന് ദിവസത്തിന് ശേഷം വരാനിരിക്കുന്ന യഥാർത്ഥ ഫലത്തിനായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന്, പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽ.ഡി.എഫ് അധികാരത്തിന് പുറത്തേക്ക് പോകുകയാണെന്നും ഇനി നിയമസഭയിൽ അവരെ ആര് നയിക്കുമെന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിനെക്കുറിച്ച് എൽ.ഡി.എഫ് നേതാക്കളോട് മാധ്യമങ്ങൾ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

