പാരിസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന സെമി ഫൈനൽ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് ആവേശജയം. പാരിസിലെ പാർക് ദ പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി വിജയിച്ചത്. ഹോം ഗ്രൗണ്ടിൽ ഒരു ഗോളിന്റെ ലീഡ് നേടിയതോടെ രണ്ടാം പാദ സെമിയിൽ പിഎസ്ജിക്ക് മുൻതൂക്കമായി.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ബയേണിനെ മുന്നിലെത്തിച്ചെങ്കിലും പിഎസ്ജി ശക്തമായി തിരിച്ചുവന്നു. 24-ാം മിനിറ്റിൽ ഖ്വിചാ ക്വരത്സ്‌ഖേലിയയിലൂടെ സമനില പിടിച്ച പിഎസ്ജി, ജോവോ നെവ്‌സിന്റെ ഹെഡറിലൂടെ ലീഡ് എടുത്തു. മൈക്കൽ ഒലിസെയിലൂടെ ബയേൺ വീണ്ടും സമനില കണ്ടെത്തിയെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ഉസ്മാൻ ഡെംബെലെ നേടിയ പെനാൽറ്റി ഗോൾ പിഎസ്ജിക്ക് 3-2 ന്റെ മുൻതൂക്കം നൽകി.
രണ്ടാം പകുതിയിൽ ക്വരത്സ്‌ഖേലിയയും ഡെംബെലെയും വീണ്ടും ഗോളുകൾ നേടിയതോടെ സ്കോർ 5-2 ആയി. എന്നാൽ തളരാതെ പോരാടിയ ബയേൺ ഉപമേക്കാനോ, ലൂയിസ് ഡയസ് എന്നിവരിലൂടെ രണ്ട് ഗോളുകൾ കൂടി മടക്കി കളി ആവേശകരമാക്കി. അടുത്ത ആഴ്ച മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടക്കുന്ന രണ്ടാം പാദത്തിൽ സമനില നേടിയാലും പിഎസ്ജിക്ക് ഫൈനലിൽ എത്താം. എന്നാൽ സ്വന്തം തട്ടകത്തിൽ വലിയ ജയം നേടിയാൽ മാത്രമേ ബയേണിന് കലാശപ്പോരിന് യോഗ്യത നേടാനാവൂ.

