കണ്ണൂർ: കണ്ണൂരിൽ പാമ്പുകടിയേറ്റ് മരണം. കല്ലടത്ത് സ്വദേശി നബീസ (65) ആണ് ദാരുണമായി മരിച്ചത്.
രണ്ടുദിവസം മുമ്പാണ് ഇവർക്ക് പാമ്പുകടിയേറ്റത്. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. കടിച്ചത് വിഷമുള്ള പാമ്പാണ് എന്ന് മനസിലായിരുന്നില്ല എന്നാണ് വിവരം.
പാമ്പ് കടിയേറ്റതിന് ശേഷം നബീസ മുറിയിലേക്ക് പോയി കിടന്നു. പിന്നീട് കാഴ്ച മങ്ങാൻ തുടങ്ങി ശരീരത്തിന് തളർച്ച തോന്നിയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച സയമത്ത് ആരോഗ്യനില വഷളായിരുന്നു..
തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടാണ് നബീസയ്ക്ക് പാമ്പു കടിയേറ്റത്. ആശുപത്രിയിലെത്തിച്ചതിന് ശേഷം 30 ഡോസ് ആന്റിവെനം കുത്തിവെച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിക്കെട്ടൻ ഇനത്തിൽ വരുന്ന പാമ്പാണ് നബീസയെ കടിച്ചതെന്നാണ് വിവരം.
അതേസമയം കൊല്ലം രാമൻകുളങ്ങരയിൽ വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശിയായ സുദേവനാണ് ഇന്ന് രാവിലെ പാമ്പുകടിയേറ്റത്. സംഗീത ജംഗ്ഷനിലെ ഒരു വീടിന്റെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്റെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു.
ചുരുട്ട എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് സുദേവനെ കടിച്ചത്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ഇദ്ദേഹത്തിന് ആന്റിവെനം നൽകിയതായും നിലവിൽ നിരീക്ഷണത്തിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പാമ്പുകടിയേറ്റാൽ ആദ്യത്തെ ഒരു മണിക്കൂർ (ഗോൾഡൻ അവർ) അതീവ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പരിഭ്രാന്തരാകാതെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. നിലവിൽ എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റി സ്നേക്ക് വെനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

