back to top
Friday, April 24, 2026
Homeകണ്ണൂർഫലപ്രഖ്യാപനത്തിന് മുൻപേ സ്ഥാനമുറപ്പിച്ച് ഫ്ലക്സുകൾ; പഴയങ്ങാടിയിൽ വി.ഡി. സതീശന് 'മുഖ്യമന്ത്രി' ബോർഡ്.

ഫലപ്രഖ്യാപനത്തിന് മുൻപേ സ്ഥാനമുറപ്പിച്ച് ഫ്ലക്സുകൾ; പഴയങ്ങാടിയിൽ വി.ഡി. സതീശന് ‘മുഖ്യമന്ത്രി’ ബോർഡ്.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപേ തന്നെ നേതാക്കളെ മുഖ്യമന്ത്രിയും എം.എൽ.എയുമാക്കി ഫ്ലക്സ് ബോർഡുകൾ സജീവം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ച് കണ്ണൂർ പഴയങ്ങാടിയിലാണ് പുതിയ ഫ്ലക്സ് ബോർഡ് ഉയർന്നത്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. മാടായി കൂട്ടായ്മയുടെ പേരിൽ ബീവി റോഡിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ മലപ്പുറത്തും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.

തളിപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് അഭിവാദ്യമർപ്പിച്ചും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദന് അഭിവാദ്യം’ എന്നെഴുതിയ ബോർഡുകൾ തളിപ്പറമ്പ് നഗരത്തിൽ പലയിടങ്ങളിലായാണ് പ്രത്യക്ഷപ്പെട്ടത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഉൾപ്പെടെ ഇത്തവണ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ.

അതേസമയം, പാലായിലും വോട്ടെണ്ണലിന് മുൻപേ ജോസ് കെ. മാണിയെ നിയുക്ത എം.എൽ.എയെന്ന് പ്രഖ്യാപിച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നു. കടുത്ത ത്രികോണ മത്സരം നടന്ന പാലായിൽ കടപ്പാട്ടൂരിലാണ് ജോസ് കെ. മാണിയെ ‘ജനനായകൻ’ എന്ന് വിശേഷിപ്പിച്ച് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ബോർഡ്. എന്നാൽ, ഫലപ്രഖ്യാപനം വരുമ്പോൾ ഇത്തരം ആഗ്രഹങ്ങൾ അവസാനിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചത്. ബോർഡുകളെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് കേരള കോൺഗ്രസ് (എം) നേതാക്കളും വ്യക്തമാക്കി.

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കങ്ങളില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും നേതാക്കൾ ആവർത്തിക്കുമ്പോഴും, സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments