ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു. വിരുദുനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് ഏറ്റവും ഒടുവിലായി മരിച്ചത്. മരിച്ച 24 പേരിൽ നാലു പേരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞ 20 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 14 വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകുന്നത്. നടപടികൾ അതിവേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അധികൃതർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിന് കാരണക്കാരനായ കെട്ടിട ഉടമയ്‌ക്കെതിരെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന് പുറമെ സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ധസംഘം ഉടൻ തന്നെ അപകടസ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
വിരുദുനഗറിന് സമീപം പ്രവർത്തിക്കുന്ന വനജ ഫയർ വർക്സ് എന്ന പടക്ക നിർമാണ യൂണിറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ അതിശക്തമായ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നുവീണു. അപകടസ്ഥലത്ത് വെച്ച് തന്നെ പലർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. കിലോമീറ്ററുകളോളം ദൂരത്തിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അപകടം നടക്കുന്ന സമയത്ത് അമ്പതോളം തൊഴിലാളികൾ ഈ ഫാക്ടറിയിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

