ചിറക്കൽ: പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സഹസ്ര കുംഭാഭിഷേകവും തേങ്ങ പോളിയും നിറമാല മഹോത്സവവും ഏപ്രിൽ 30, മെയ് 1, 2 തീയതികളിൽ അതിവിപുലമായി നടക്കും. ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്ര തന്ത്രി പന്നിയോട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
വ്യാഴാഴ്ച വൈകുന്നേരം 5.30ന് കാഞ്ഞിരത്തറ ആക്ടീവ് വോയിസ്, കാഞ്ഞിരത്തറ പാൽ സൊസൈറ്റി നിവാസികൾ എന്നിവർ ചേർന്നൊരുക്കുന്ന അതിഗംഭീര കലവറ നിറയ്ക്കൽ ഘോഷയാത്ര ഉണ്ടായിരിക്കും. തുടർന്ന് ദീപാരാധന, അത്താഴപൂജ, പ്രസാദ സദ്യ, നൃത്തനൃത്യങ്ങൾ എന്നിവയും നടക്കും. മെയ് 1 വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമവും ഉഷപൂജയും നടക്കും. വൈകുന്നേരം 6 മണിക്ക് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന നാമജപവും തുടർന്ന് ദീപാരാധനയും അത്താഴപൂജയും ഉണ്ടായിരിക്കും. ഏഴുമണിക്ക് മാതൃസമിതിയുടെ തിരുവാതിരക്കളി, കൊച്ചു കലാകാരന്മാർ അവതരിപ്പിക്കുന്ന ലാസ്യ സന്ധ്യ, പ്രസാദ സദ്യ എന്നിവയും അരങ്ങേറും.
മെയ് 2 ശനിയാഴ്ച രാവിലെയാണ് ക്ഷേത്ര സമുദായ തന്ത്രി ശ്രീ അരക്കൻ പ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രധാന ചടങ്ങായ സഹസ്ര കുംഭാഭിഷേകവും നവകലശവും നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ശ്രീഗണേഷ് വാദ്യസംഘം അവതരിപ്പിക്കുന്ന പാണ്ടിമേളവും തുടർന്ന് പ്രസാദ സദ്യയും ഒരു മണിക്ക് തേങ്ങ പൊളിയും മൂന്നുമണിക്ക് ചിറ്റുവേലയും അഞ്ചുമണിക്ക് ശ്രീഭൂതവലിയും നടക്കും. രാത്രി 7 മണിക്ക് ഇരട്ട തായമ്പകയും 9 മണിക്ക് ഗുരുവായൂർ ഗാന്ധർവ്വ അവതരിപ്പിക്കുന്ന ‘മഗധ’ എന്ന നാടകവും അരങ്ങേറും. തുടർന്ന് 11 മണിക്ക് തിരുവായുധ ഉത്സവവും 12 മണിക്ക് ചുറ്റുവേലയും നടക്കുന്നതാണ്.

