back to top
Sunday, April 19, 2026
Homeദേശീയംവനിതാ ബിൽ പരാജയം: പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ഭ്രൂണഹത്യ; രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതാ ബിൽ പരാജയം: പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ഭ്രൂണഹത്യ; രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പെൺമക്കളോടും താൻ മാപ്പുചോദിക്കുന്നതായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥതയും കുടുംബ രാഷ്ട്രീയവുമാണ് ബില്ലിനെ പരാജയപ്പെടുത്തിയത്.

സ്ത്രീകളുടെ ആത്മാഭിമാനത്തിനേറ്റ മുറിവ്

ബിൽ പരാജയപ്പെട്ടപ്പോൾ ഈ പാർട്ടികൾ കയ്യടിക്കുകയായിരുന്നുവെന്നും, ഇത് രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനത്തിനേറ്റ വലിയ മുറിവാണെന്നും മോദി കുറ്റപ്പെടുത്തി. ഈ അപമാനത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ പ്രതിപക്ഷത്തിന് ഒരിക്കലും മാപ്പുനൽകില്ല. സ്ത്രീ സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾ അനുഭവിക്കേണ്ടി വരും. 2029-ൽ വനിതാ ബിൽ നടപ്പാക്കാനും പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാനുമുള്ള സത്യസന്ധമായ നീക്കമാണ് സർക്കാർ നടത്തിയത്. ആരിൽ നിന്നും ഒന്നും കവരാനല്ല, മറിച്ച് എല്ലാ മേഖലകൾക്കും ഒരേ ശക്തി നൽകാനാണ് ‘നാരീശക്തി വന്ദൻ’ നിയമത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ഭ്രൂണഹത്യ

വനിതാ ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ നടത്തിയത് ഭ്രൂണഹത്യയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഇതിൽ കോൺഗ്രസും ഡി.എം.കെയും ടി.എം.സിയും കുറ്റവാളികളാണ്. ബിൽ പാസാകാതിരിക്കാൻ കോൺഗ്രസ് പലവട്ടം ഗൂഢാലോചന നടത്തി. സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള അവസരം അവർ കളഞ്ഞുകുളിച്ചു. പ്രാദേശിക പാർട്ടികളെ ആശ്രയിച്ച് ജീവിക്കുന്ന പരാദജീവിയായി കോൺഗ്രസ് മാറിയെന്നും, എന്നാൽ പ്രാദേശിക പാർട്ടികൾ വളരുന്നത് അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് പുറത്തുള്ളവർ നേതൃനിരയിലേക്ക് ഉയർന്നു വരുന്നത് കുടുംബ പാർട്ടികൾക്ക് താത്പര്യമില്ലാത്ത കാര്യമാണ്.

മണ്ഡല പുനർനിർണ്ണയത്തിൽ കള്ളപ്രചാരണം

മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് കോൺഗ്രസ് രാജ്യത്ത് കള്ളപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ ഒരേ അനുപാതത്തിൽ ഉയരുമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. എന്നാൽ കോൺഗ്രസിന്റെ കൂടെ നിന്ന പ്രാദേശിക പാർട്ടികൾ സ്വന്തം ജനങ്ങളെ കബളിപ്പിച്ചു. തമിഴ്നാട്ടിലും ബംഗാളിലും കൂടുതൽ എം.പിമാരെയും എം.എൽ.എമാരെയും തിരഞ്ഞെടുക്കാനുള്ള അവസരമാണ് അവർ ഇല്ലാതാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ പരിഷ്ക്കരണ വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ്.
ബില്ല് പാസാകാൻ ആവശ്യമായ 66 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിലും രാജ്യത്തെ നൂറു ശതമാനം സ്ത്രീകളും തനിക്കൊപ്പമുണ്ടെന്ന് അറിയാമെന്നും, വരും കാലങ്ങളിൽ വനിതാ സംവരണത്തിനായുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments