പയ്യന്നൂർ: പയ്യന്നൂരിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഗ്രാമം പ്രതിഭയുടെ 43-ാം വാർഷികാഘോഷങ്ങൾക്ക് ഗംഭീര തുടക്കം. 43 വനിതകൾ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമം പ്രതിഭ പ്രസിഡന്റ് പി.യു. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാദ്യ പ്രവീൺ ഡോ. കുഞ്ഞിരാമ മാരാർ മുഖ്യാതിഥിയായിരുന്നു. ഫോക് ലാൻഡ് ചെയർമാൻ അഡ്വ. വി. ജയരാജ് ആശംസകൾ നേർന്നു. ചടങ്ങിൽ ഗായകൻ എ.കെ. വേണുഗോപാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. എച്ച്.എൽ. ഹരിഹരയ്യർ, രവി കെ. നായർ എന്നിവർക്ക് നൽകി വാർഷിക സപ്ലിമെന്റിന്റെ പ്രകാശനവും വയലാർ ശരത് ചന്ദ്രവർമ്മ നിർവ്വഹിച്ചു.
അനിൽ പുത്തലത്ത് സ്വാഗതവും ടി.എ. രാഗിണി നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ഗ്രാമം പ്രതിഭ ഗായക സംഘത്തിന്റെ സംഘഗാനവും മഹിളാ സമാജം പ്രവർത്തകരുടെ ഭരതനാട്യം, മോഹിനിയാട്ടം, നൃത്തശില്പം, കോലാട്ടം എന്നിവയും അരങ്ങേറി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

