back to top
Friday, October 23, 2026
Homeകണ്ണൂർഅതിർത്തി സംസ്ഥാനങ്ങളിലെ നടപടികൾ: ബംഗ്ലാദേശ് പൗരന്മാർ കേരളത്തിലേക്ക് കടക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്

അതിർത്തി സംസ്ഥാനങ്ങളിലെ നടപടികൾ: ബംഗ്ലാദേശ് പൗരന്മാർ കേരളത്തിലേക്ക് കടക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്

കണ്ണൂർ : അതിർത്തിസംസ്ഥാനങ്ങളിലെ എസ്.ഐ.ആർ. നടപടികളെത്തുടർന്ന് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരൻമാർ കേരളമുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം ശക്തമാക്കാനും പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. നിരവധി ഇതരസംസ്ഥാന തൊഴിലാളികളുള്ളതിനാൽ കേരളത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തിയാണ് പരിശോധന പുരോഗമിക്കുന്നത്. വിദേശപൗരൻമാരെ നിരീക്ഷിക്കാനുള്ള ഇന്റലിജൻസ് വിഭാഗം ‘ഫോറിൻ സെല്ലിന്റെ’ നേതൃത്വത്തിലാണ് നിലവിൽ വിവരങ്ങൾ ശേഖരിക്കുന്നത്.

പരിശോധനകളിൽനിന്ന് ഒഴിവാകാൻ ലോക്കൽ ബസുകളിലും തീവണ്ടിയിലെ ജനറൽ കംപാർട്ട്മെന്റിലും യാത്രചെയ്താണ് ഇവർ കേരളത്തിലെത്തുന്നതെന്ന് കഴിഞ്ഞദിവസം കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശി യുവതികളെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ചെറിയ ഗ്രൂപ്പുകളായിട്ടാണ് ഇവർ കേരളത്തിലേക്ക് എത്തുന്നതെന്നും യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാൾ, അസം ഉൾപ്പെടെയുള്ള ബംഗ്ലാദേശ് അതിർത്തി സംസ്ഥാനങ്ങളിൽ തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടന്നതിനാൽ അനധികൃത കുടിയേറ്റക്കാർക്ക് രാജ്യം വിടേണ്ട സാഹചര്യമുണ്ട്. ഇതോടെയാണ് പിടിക്കപ്പെടാതിരിക്കാൻ ഇവർ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതെന്ന് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന ആരംഭിച്ചത്.

പലരും തൊഴിൽതേടിയാണ് കേരളത്തിൽ എത്തിയിട്ടുള്ളതെങ്കിലും തീവ്രവാദബന്ധവും മയക്കുമരുന്ന് കച്ചവടത്തിന്റെ സാധ്യതകളും അന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. പശ്ചിമബംഗാളിൽനിന്നുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല ബംഗ്ലാദേശികളും കേരളത്തിൽ താമസിക്കുന്നത്. സംസ്ഥാനത്ത് 25 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ബംഗാളികൾ എന്നപേരിൽ എത്തുന്ന ബംഗ്ലാദേശികൾ സുരക്ഷാഭീഷണിയാകുന്നതായി കേന്ദ്ര ഇന്റലിജൻസും സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു. കൊട്ടാരക്കരയിൽനിന്ന് 10 ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് വൻ മാഫിയയുടെ പ്രവർത്തനങ്ങൾ വെളിച്ചത്തായത്. ഇവരുടെ കൈവശം കേരളത്തിലെ മേൽവിലാസത്തിലുള്ള പാൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽരേഖ, റേഷൻ കാർഡ് എന്നിവയ്ക്ക് പുറമേയുള്ള രേഖകളും ഉണ്ടായിരുന്നു. വ്യാജരേഖാ നിർമാണത്തിന് പിന്നിൽ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മാഫിയാസംഘമുണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്ന പ്രധാന സൂചനകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments