back to top
Friday, October 23, 2026
Homeകേരളംഅഴിമതി കേസിൽ ജയിലിലാവുന്ന ആദ്യ ഡി.ജി.പി.; ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം തടവുശിക്ഷ

അഴിമതി കേസിൽ ജയിലിലാവുന്ന ആദ്യ ഡി.ജി.പി.; ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം തടവുശിക്ഷ

തിരുവനന്തപുരം: സിവിൽ സർവീസിന്റെ തുടക്കത്തിൽ തിളക്കമാർന്ന പ്രതിഛായ സ്വന്തമാക്കുകയും പൊലീസ് മേധാവിയുടേതൊഴികെയുള്ള ഉന്നത പദവികൾ വഹിക്കുകയും ചെയ്ത മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവുശിക്ഷ. അഴിമതി കേസിൽ ജയിലിലാവുന്ന ആദ്യ ഡി.ജി.പി എന്ന നാണക്കേടിനും ഇതോടെ അദ്ദേഹം അർഹനായി. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രനീഷ് ആണ് കേസിൽ ശിക്ഷ വിധിച്ചത്. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണെന്നും അതുകൊണ്ട് ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നാലുവർഷം തടവിനു പുറമെ 30.84 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി വിധിയെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.

സംഗീതജ്ഞനായും ശ്രദ്ധേയനായ അദ്ദേഹം കൊച്ചിയിൽ സ്ഥാപിച്ച റയാൻ സ്റ്റുഡിയോ ഒരു കാലത്ത് വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. ക്രിസ്തീയ ഭക്തിഗാനശാഖയിൽ ‘രക്ഷകാ എന്‍റെ പാപഭാരമെല്ലാം’, ‘ഒരിക്കൽ യേശുനാഥൻ’, ‘കാൽവരിക്കുന്നിലെ’, ‘അത്യുന്നതങ്ങളിൽ’, ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി’ തുടങ്ങിയ നിരവധി അവിസ്മരണീയ ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്.

കേസിന്റെ പശ്ചാത്തലം:

ബോബി കുരുവിളയുടെ പരാതിയിലാണ് തച്ചങ്കരിക്ക് എതിരെയുള്ള അന്വേഷണം ആരംഭിച്ചത്. തച്ചങ്കരിക്ക് വരുമാന സ്രോതസ്സുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്തുള്ളതായി കണ്ടെത്തിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. വെളിപ്പെടുത്തിയ വരുമാനമാർഗങ്ങളേക്കാൾ 135 ശതമാനം കൂടുതലായിരുന്നു ഇത്. അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയം കോടതിയിലേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജികൾ ഹൈക്കോടതിയും സുപ്രീംകോടതിയയും തള്ളിയിരുന്നു. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. 2023 ജൂലൈ 31-നാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്.

നേരത്തെ നക്സൽ വർഗീസ് വധക്കേസിൽ ഐ.ജി. ലക്ഷ്മണയെ സി.ബി.ഐ കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിലും അത് അഴിമതി കേസായിരുന്നില്ല. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരെ വിജിലൻസ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഗുരുതര കുറ്റമാണ് തച്ചങ്കരി ചെയ്തതെന്നും തുടർനടപടികൾ വിജിലൻസ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി. കേസിൽ മുൻ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയടക്കം 96 പേർ പ്രോസിക്യൂഷൻ സാക്ഷികളായപ്പോൾ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ എ.ഡി.ജി.പി, ആദായനികുതി ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി അടക്കം 23 പേരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments