കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) വ്യാപക പരിശോധന. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലും വയനാട്ടിലെ സ്പോണ്സര് ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫീസുകളിലും ഉൾപ്പെടെയാണ് പോലീസ് പരിശോധന നടത്തിവരുന്നത്. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധനയ്ക്കെത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചാനല്‍ ഓഫിസിലെത്തി നടപടികൾ പുരോഗമിപ്പിക്കുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കണ്ടെത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തട്ടിപ്പ് നടത്താന്‍ മുന്‍ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എല്ലാ വിധ രേഖകളും കൈയിലുണ്ടെന്നും കരാറുകള്‍ സുതാര്യമായിരുന്നുവെന്നുമാണ് സ്പോണ്സര് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ ഇവർക്ക് കഴിയുമോ എന്നതാണ് നിർണായക ചോദ്യം.

