കണ്ണൂർ: വാണിജ്യ ഗ്യാസ് വില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സംഗമം സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
അശാസ്ത്രീയമായ വില വർദ്ധനവ് ചെറുകിട വ്യാപാരികളെയും ഹോട്ടൽ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, എം.എം. ഹമീദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സഹദേവൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഇ. സജിത്ത് എന്നിവർ പ്രസംഗിച്ചു.
സി. മനോഹരൻ നന്ദി രേഖപ്പെടുത്തി. കെ.പി. പ്രമോദ്, കെ.എം. ലത്തീഫ്, ഇ. സജീവൻ, ടി.സി. വിത്സൻ, പി. പ്രമോദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

