back to top
Wednesday, April 22, 2026
No menu items!
Homeകേരളംപാടത്തുനിന്ന് രണ്ട് ശരീരഭാഗങ്ങൾ, പൊട്ടാത്ത ഗുണ്ട്; DNA സംഘം തൃശ്ശൂരിൽ, കെഡാവർ നായ പരിശോധന തുടരുന്നു

പാടത്തുനിന്ന് രണ്ട് ശരീരഭാഗങ്ങൾ, പൊട്ടാത്ത ഗുണ്ട്; DNA സംഘം തൃശ്ശൂരിൽ, കെഡാവർ നായ പരിശോധന തുടരുന്നു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ മഹാദുരന്തത്തിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്ന് റവന്യൂമന്ത്രി കെ. രാജൻ. അപകടം നടന്ന സമയത്ത് തൊഴിലാളികൾക്കായി 40 ഊണുകൾ ഓർഡർ ചെയ്തിരുന്നതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിതമായ തിരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ട് പേർ നിലവിൽ വെന്റിലേറ്ററിലാണ്.

അപകടസ്ഥലത്തും സമീപത്തെ പാടശേഖരങ്ങളിലുമായി കെഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുകയാണ്. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച അതേ നായകളെയാണ് ഇവിടേക്കും എത്തിച്ചത്. ഈ പരിശോധനയിൽ പൊട്ടാതെ കിടക്കുന്ന വെടിക്കോപ്പുകൾ കണ്ടെത്തുകയും അവ ഫയർഫോഴ്സ് നിർവീര്യമാക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയുള്ള പാടത്തുനിന്ന് വരെ രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.

ഇതുവരെ അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൂന്നെണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി മന്ത്രി കെ. രാജൻ അറിയിച്ചു. 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇനി 15 ശരീര ഭാഗങ്ങൾ കൂടി പരിശോധിക്കാനുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളിൽ ഡി.എൻ.എ പരിശോധന നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം തൃശ്ശൂരിൽ എത്തിയിട്ടുണ്ട്.

വൻ പൊട്ടിത്തെറിയിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ അട്ടിമറിയില്ലെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയപ്പോൾ, സമഗ്രമായ അന്വേഷണം വേണമെന്ന് പാറമേക്കാവ് വിഭാഗം ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെറും ചടങ്ങുകൾ മാത്രമായി നടത്താനുള്ള ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ ജനവികാരം കൂടി കണക്കിലെടുത്തതിന് ശേഷമേ ഇതിൽ അന്തിമ തീരുമാനമുണ്ടാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments