back to top
Sunday, April 19, 2026
Homeകേരളംവാൽപ്പാറ ദുരന്തം: വിങ്ങലായി പ്രിയാധ്യാപകരും കുരുന്നും; ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു, , വിട നൽകാൻ ആയിരങ്ങള്‍

വാൽപ്പാറ ദുരന്തം: വിങ്ങലായി പ്രിയാധ്യാപകരും കുരുന്നും; ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു, , വിട നൽകാൻ ആയിരങ്ങള്‍

മലപ്പുറം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങൾ രാവിലെ 9.15-ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തിച്ചത്. പ്രിയപ്പെട്ട അധ്യാപകരെയും സുഹൃത്തുക്കളെയും അവസാനമായി ഒരുനോക്കുകാണാൻ വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും വൻ ജനപ്രവാഹമായിരുന്നു.

സ്കൂളിലെ ഒരു മണിക്കൂർ നീണ്ട പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. മന്ത്രി വി. ശിവൻകുട്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖർ സ്കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് മുൻപായി എല്ലാവരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയാകും.

അപകടം സംഭവിച്ചത് ഇങ്ങനെ:

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.15-നാണ് വാൽപ്പാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. മടക്കയാത്രയിൽ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. പലവട്ടം കീഴ്മേൽ മറിഞ്ഞ വാൻ ഒൻപതാം വളവിലേക്കാണ് വീണത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനും ഉൾപ്പെടെ ഒൻപത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന 13 പേരിൽ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം മാത്രമേ ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ പറയാനാകൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. പരിക്കേറ്റ സഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂൾ പ്രധാനാധ്യാപിക പി. അജിതയുടെ (54) മൃതദേഹം പുലാമന്തോളിലെ വീട്ടിലെത്തിച്ച ശേഷം ഷൊർണ്ണൂരിൽ സംസ്കരിക്കും. അധ്യാപികയായ റംലത്ത് (52), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), സമീപത്തെ ജി.യു.പി സ്കൂൾ അധ്യാപിക ഷക്കീന (37) എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക സുഹറ (43), മകൻ ഹിഷാം (12) എന്നിവരെ ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനിലും, അധ്യാപകൻ അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39) എന്നിവരെ മാട്ടാത്ത് ഖബര്‍സ്ഥാനിലും ഖബറടക്കും. അധ്യാപിക ആശയുടെ (41) സംസ്കാരം കൊളത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments