പയ്യന്നൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീടാക്രമിച്ച് കാർ കത്തിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ പോലീസിന്റെ പിടിയിലായി. പയ്യന്നൂർ ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് ശനിയാഴ്ച്ച വൈകീട്ടോടെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അർധരാത്രി 12.30-ഓടെയാണ് പുരുഷോത്തമന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് അക്രമികൾ തീയിട്ടത്. വീടിന്റെ ജനൽ ചില്ലുകളും ഇവർ എറിഞ്ഞു തകർത്തിരുന്നു. ജനൽ ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീയണച്ചതിനാൽ വലിയൊരു പൊട്ടിത്തെറി ഒഴിവായി. സംഭവസമയത്ത് ടി. പുരുഷോത്തമനും ഭാര്യയും മകനും കുടുംബവും വീട്ടിലുണ്ടായിരുന്നു. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് പുരുഷോത്തമൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
സി.പി.എം ബ്രാഞ്ച് അംഗമായ ടി. പുരുഷോത്തമൻ നേരത്തെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ നേതാവായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് അംഗത്വത്തിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിനും, രണ്ടു മാസം മുൻപ് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തതുമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.


