10 വര്‍ഷം മുമ്പത്തെ കേരളത്തില്‍നിന്ന് ഇന്നത്തെ കേരളത്തെ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അടിമുടി കേരളം മാറിയിരിക്കുന്നു. ആ മാറ്റം വെറുതെ ഉണ്ടായതല്ലെന്നും സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണെന്നും ജനങ്ങള്‍ക്കറിയാം. കേരളത്തില്‍ ജീവിതനിലവാരവും ജീവിതാന്തരീക്ഷവും ഗണ്യമായി മെച്ചപ്പെട്ടതായി നിരവധി സര്‍വേകളും റിപ്പോര്‍ട്ടുകളും തന്നെ വ്യക്തമാക്കുന്നു. പത്തുവര്‍ഷത്തിനിടെ ഗതാഗതം, വ്യവസായ സൗഹൃദ അന്തരീക്ഷം, സ്റ്റാര്‍ട്ടപ്പ് രംഗം, തൊഴിലവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വളര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചത്. ഈ നേട്ടങ്ങള്‍ ഓരോ പൗരന്റെയും ജീവിതത്തില്‍ പ്രകടമായി പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത. ആരോപണ-പ്രത്യാരോപണങ്ങള്‍ക്കപ്പുറം വികസനത്തിനും സുസ്ഥിരതയ്ക്കും, ജീവിതത്തിലെ മാറ്റങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിന്റെ ഉറപ്പിന്റെ കാരണവും മറ്റൊന്നല്ല.
2018നുശേഷം കേരളത്തില്‍ നിന്നുള്ള യുവജന കുടിയേറ്റം കുറയുന്നതായി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിലെ എസ്. ഇരുദയ രാജന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 2003ല്‍ 18 ലക്ഷം പേര്‍ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറിയത് 2013ല്‍ 24 ലക്ഷമാവുകയും, 2018ല്‍ ഇത് 21 ലക്ഷമായി കുറയുകയുമുണ്ടായി. തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2018ലെ 12 ലക്ഷത്തില്‍ നിന്ന് 2023ല്‍ 18 ലക്ഷമായി ഉയര്‍ന്നു. വിദേശ സാഹചര്യങ്ങള്‍ പ്രതികൂലമാവുകയും കേരളത്തിലേത് അനുകൂലമാവുകയും ചെയ്തതാണ് ഈ മാറ്റത്തിന് കാരണം. കേരളം കൂടുതല്‍ ആകര്‍ഷകമായെന്നതിന്റെ സൂചനയാണിതെന്നും റിപോര്‍ട്ട് പറയുന്നു.
ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഹാപ്പി ഇന്‍ഡെക്‌സിലും കേരളം മുന്നിലാണ്. 2021ല്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു. ആളോഹരി വരുമാനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങള്‍, നിയമവാഴ്ച, പരിസ്ഥിതി, ശുചിത്വം, തൊഴില്‍ ലഭ്യത എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ സൂചിക തയ്യാറാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിതി ആയോഗ് റിപ്പോര്‍ട്ടുകളിലും കേരളം പല മേഖലകളിലും മുന്നിട്ട് നിന്നു.
ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച കോവിഡ് മഹാമാരിയില്‍ വരുമാനം നിലച്ച് പട്ടിണി ഭയന്ന ദിവസക്കൂലിക്കാര്‍ക്ക് സര്‍ക്കാര്‍ വലിയ കൈത്താങ്ങായി മാറി. രുമാനനഷ്ടത്തിനിടയിലും ആരും പട്ടിണി കിടക്കാതെ, വ്യക്തികള്‍ക്ക് പരമാവധി സാമ്പത്തിക സഹായങ്ങള്‍ എത്തിച്ചു. പത്തുവര്‍ഷത്തിനിടെ ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 600 രൂപയില്‍ നിന്ന് 2500 രൂപയായി വര്‍ദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമായി. രണ്ട് പ്രളയങ്ങളെ അതിജീവിച്ച് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനിടയിലാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത് എന്നുകൂടി ഓര്‍ക്കണം.
കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം കാര്യമായി മെച്ചപ്പെടുത്തി. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ മെച്ചപ്പെട്ട കണക്ടിവിറ്റി എല്ലായിടത്തും പ്രകടമാണ്. ഇത് യാത്രാസമയവും കുറച്ച് അടിയന്തര യാത്രകളിലും ചരക്കുനീക്കത്തിലും മാറ്റങ്ങളുണ്ടാക്കി. മികച്ച റോഡുകള്‍ യാത്രാവേഗതയും ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിച്ച് സുരക്ഷയുമുറപ്പാക്കി. ഈ വികസനം നിരത്തിലിറങ്ങുന്ന ഏതൊരാള്‍ക്കും അനുഭവിച്ചറിയാവുന്നതാണ്.
വെറും പതിനായിരം പേര്‍ കഴിയുന്ന പെരുമ്പളം ദ്വീപിനെ 100 രൂപ കോടി ചെലവില്‍ പാലം നിര്‍മ്മിച്ച് പുറംലോകവുമായി ബന്ധിപ്പിച്ചു. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ, ഒറ്റപ്പെട്ട പല പ്രദേശങ്ങള്‍ക്കും ഇന്ന് മികച്ച കണക്ടിവിറ്റിയുണ്ട്. തിരുവനന്തപുരത്തെ കുമ്പിച്ചല്‍ കടവ് പാലം യാത്രകള്‍ക്കപ്പുറം വിനോദസഞ്ചാരത്തിനും പ്രോത്സാഹനം നല്‍കുന്നു. പ്രദേശവാസികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് പാലങ്ങള്‍ എങ്ങനെ പരോക്ഷമായി വഴിയൊരുക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇവ.
ആരോഗ്യ രംഗത്ത് സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. മരുന്നുകള്‍ മുതല്‍ ലാബ് പരിശോധനകള്‍ വരെ സൗജന്യമായതിനാല്‍ എല്ലാ ജനങ്ങളും ഇവിടെയെത്തി. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കി. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് ഏവരെയും അല്‍ഭുതപ്പെടുത്തുന്നതാണ്.
2016ല്‍ അഞ്ചാം ക്ലാസില്‍ പഠിച്ച കുട്ടി ഇന്ന് കന്നി വോട്ടറാണ്. ഓണപ്പരീക്ഷയ്ക്ക് പാഠപുസ്തകങ്ങളില്ലാതെ കാത്തിരുന്നതും വാര്‍ഷിക പരീക്ഷാ സമയത്തെ കറന്റ് കട്ട് ഭീഷണിയും അവര്‍ക്ക് മറക്കാനാവില്ല. മണ്ണെണ്ണ പോലും ലഭിക്കാതിരുന്ന കാലത്തില്‍ നിന്ന്, സ്‌കൂള്‍ അടയ്ക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ ലഭിക്കുകയും പവര്‍ കട്ട് കേട്ടുകേള്‍വി മാത്രമാകുകയും ചെയ്ത കാലത്തിലേക്കാണ് കേരളം മാറിയത്.
ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണ്. ഈ മാറ്റങ്ങള്‍ പതിവായതിനാല്‍ ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകാം. എന്നാല്‍, റോഡിലിറങ്ങുമ്പോള്‍ ലഭിക്കുന്ന ആശ്വാസം, ചെറിയ പനിക്ക് സര്‍ക്കാര്‍ ആശുപത്രികളെ തേടാനുള്ള ധൈര്യം, കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് തോന്നുന്നത് എന്നിവയെല്ലാം ജീവിതനിലവാരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്.
റോഡും പാലങ്ങളുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന വികസനമല്ലെന്ന് കഴിഞ്ഞ രണ്ട് സര്‍ക്കാരുകള്‍ തെളിയിച്ചു. കിഫ്ബി പോലുള്ള സംവിധാനമില്ലായിരുന്നെങ്കില്‍ മികച്ച പാതകളും ആശുപത്രി-സ്‌കൂള്‍ അടിസ്ഥാനസൗകര്യ വികസനവും സിന്തറ്റിക് സ്‌റ്റേഡിയങ്ങളും ദേശീയപാത വികസനവും നടക്കുമായിരുന്നില്ല. ദീര്‍ഘവീക്ഷണത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് ഭാവി വികസനം ഉറപ്പാക്കുന്നതിലാണ് കാര്യക്ഷമമായ ഭരണത്തിന്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാനുള്ള ജനസമ്മതിയാണ് സര്‍ക്കാര്‍ തേടുന്നത്.
കഴിഞ്ഞ പത്തുവര്‍ഷം തങ്ങളുടെ ജീവിതത്തിലും ചുറ്റുപാടുകളിലും വന്ന മാറ്റങ്ങള്‍ കൃത്യമായി വിലയിരുത്തി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയാല്‍, നെഗറ്റീവ് പ്രചാരണങ്ങള്‍ക്കും പ്രതികൂല ചിന്തകള്‍ക്കും കേരളത്തില്‍ പ്രസക്തിയില്ലാതാകും. ജനങ്ങള്‍ നല്‍കുന്ന ഈ ഉറപ്പിലാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.


