പഠനത്തിനു വേണ്ടി മാത്രമല്ല, തൊഴിലിനും ഇനി കേരളത്തിലെ യുവാക്കള്‍ നാട് വിടേണ്ട. മികച്ച വരുമാനം നാട്ടില്‍ തന്നെ ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. സാങ്കേതികവിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തില്‍ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ യുവാക്കള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസമുള്ള യുവതലമുറയ്ക്ക് നാട്ടില്‍നിന്ന് മികച്ച വരുമാനം നേടാന്‍ കഴിയുന്ന വിധത്തില്‍
വിവിധ നൈപുണ്യ പരിശീലന പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ ഇതിനകം രൂപം നല്‍കിയത്.
ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിന്റെ പ്രൊഫഷണല്‍ തൊഴില്‍ ശക്തിയില്‍ 172 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍, അധ്യാപകര്‍ എന്നിവരാണ് ഈ മേഖലകളില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിലേക്ക് പോലും വന്‍കിട സ്ഥാപനങ്ങള്‍ എത്തുകയാണെന്നും ഇന്ത്യയിലെ പ്രധാന സോഫ്റ്റ്‌വെയര്‍ കമ്പനികളിലൊന്നായ സോഹോ കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തങ്ങളുടെ കേന്ദ്രം തുറന്നത് ഇതിനൊരു ഉദാഹരണമാണെന്നും റിപോര്‍ട്ട് എടുത്തുകാട്ടുന്നു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമിയില്‍ കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കില്‍ ആഗോള ഇലക്ട്രോണിക്‌സ് കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജി തങ്ങളുടെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുകയാണ്. 100 ജീവനക്കാരുമായി ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍, ഗവേഷണ വിഭാഗത്തിലെ നാല് പ്രൊഫഷണലുകള്‍ അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നത് ശ്രദ്ധേയമായ കാര്യമാണ്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ മലയാളികള്‍ നാട് വിടില്ലെന്നതിന്റെ ഉദാഹരണമാണിത്.
ഒന്നര വര്‍ഷത്തിനുള്ളില്‍ കെയ്ന്‍സ് ടെക്‌നോളജി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 1500 പേര്‍ക്ക് സാങ്കേതിക, സാങ്കേതികേതര വിഭാഗങ്ങളിലായി തൊഴില്‍ ലഭിക്കും. വ്യവസായ വകുപ്പിന് കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് പാര്‍ക്കില്‍ വി-ഗാര്‍ഡ് തങ്ങളുടെ ഗവേഷണ വികസന കാമ്പസ് തുറന്നിട്ടുണ്ട്. ഇത് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍ ആദ്യഘട്ടത്തില്‍ 400 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
കിന്‍ഫ്രയുടെ വിവിധ വ്യവസായ പാര്‍ക്കുകളില്‍ നടപ്പാക്കിയ വലിയ നിക്ഷേപ പദ്ധതികളിലൂടെ 2024 ജൂണ്‍ വരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാത്രം 27,335 തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. കിന്‍ഫ്ര സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടിനിടെ കൊണ്ടുവന്ന ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളം വരുമിത്.
നിതി ആയോഗ് റിപോര്‍ട്ട് എന്ത് പറയുന്നു
സേവനാധിഷ്ഠിത തൊഴില്‍ വിപണിയില്‍ കേരളം മുന്‍നിരയില്‍ തന്നെ തുടരുന്നതായി നിതി ആയോഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ(PLFS) പ്രകാരം 2011-12ല്‍ സംസ്ഥാനത്തെ സേവനമേഖലയിലെ തൊഴില്‍ ശക്തിയുടെ 42.6% ഇപ്പോള്‍ 48.5% ആയി ഉയര്‍ന്നു. ദേശീയ ശരാശരി 29.7% മാത്രമാണെന്ന് കൂടി അറിയുമ്പോഴാണ് കേരളത്തിന്റെ നേട്ടം മനസ്സിലാവുക. മറ്റ് സംസ്ഥാനങ്ങളില്‍ നഗരകേന്ദ്രീകൃതമായി തൊഴിലവസരങ്ങള്‍ ലഭ്യമാകുമ്പോള്‍, കേരളത്തില്‍ അത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപിച്ചു കിടക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സേവനമേഖലയിലെ പ്രധാന തൊഴില്‍സാധ്യതകള്‍.
അധികം ശ്രദ്ധിക്കാത്തതും എന്നാല്‍ വന്‍ തൊഴില്‍ സാധ്യതകളുമുള്ള മേഖലകളെ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്‌സേഷന്‍, ബുക്ക് കീപ്പിംഗ് തുടങ്ങിയ മേഖലകളിലെ ജോലികള്‍ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി സ്വദേശത്തിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിനായി അസാപും(asap) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് ഒരുക്കിയ ലീപ് സെന്റര്‍ ഇതിന് ഉദാഹരണമാണ്.
അമേരിക്കയിലെ നികുതി പിരിവും നിയമങ്ങളും നടപ്പാക്കുന്നത് ഇന്റേണല്‍ റവന്യൂ സര്‍വീസാണ് (IRS). എന്റോള്‍ഡ് ഏജന്റുമാരെ അവര്‍ പലപ്പോഴും പുറംരാജ്യങ്ങളില്‍ നിന്നാണ് കണ്ടെത്തുന്നത്. ഈ ജോലിക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം 4.5 ലക്ഷം മുതല്‍ 6 ലക്ഷം വരെ വരുമാനം ലഭിക്കാം. അഞ്ചോ എട്ടോ വര്‍ഷത്തെ പരിചയം നേടുന്നതോടെ വരുമാനം 20 ലക്ഷം വരെയായി ഉയരും. ഈ വലിയ സാധ്യത മുന്നില്‍ക്കണ്ടാണ് എന്റോള്‍ഡ് ഏജന്റുമാരാകാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ അസാപ് മുന്‍കൈയെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ എഎസ്എപി, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, ഐസിടി അക്കാദമി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനവും നൈപുണ്യ വികസനവും നല്‍കുന്നുണ്ട്. തൊഴിലന്വേഷകരേയും തൊഴില്‍ ദാതാക്കളെയും സ്‌കില്ലിംഗ് ഏജന്‍സികളെയും ഒരുമിപ്പിക്കുന്ന ‘വിജ്ഞാനകേരളം’ പദ്ധതിക്ക് കീഴില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. വിദേശ കമ്പനികളില്‍ വിദൂരമായി ജോലി ലഭിക്കുന്നവര്‍ക്കായി ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നു.
സ്റ്റാര്‍ട്ടപ്പ് മിഷനും കൈകോര്‍ക്കുന്നു
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും സ്വന്തം നാട്ടില്‍ മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. നിലവില്‍ അയ്യായിരത്തിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് കെഎസ്‌യുമില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ താല്‍പര്യം വളര്‍ത്തുന്നതിന് കോളേജുകളില്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍ (IEDCs) സജീവമായി പ്രവര്‍ത്തിക്കുന്നു. നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ‘ഐഡിയ ഫെസ്റ്റ്’, ഇന്നൊവേഷന്‍ ഗ്രാന്റുകള്‍, സീഡ് ലോണുകള്‍ എന്നിവയിലൂടെ കെഎസ്‌യുഎം സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. ‘ഫണ്ട് ഓഫ് ഫണ്ട്‌സ്’ പോലുള്ള പദ്ധതികള്‍ പ്രാരംഭ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം ലഭ്യമാക്കാന്‍ സഹായിക്കുന്നു.
സംരംഭകര്‍ക്ക് ബിസിനസ്സ് വളര്‍ത്താനായി ലോകോത്തര നിലവാരത്തിലുള്ള ലീപ് (LEAP) കോവര്‍ക്കിംഗ് സ്‌പേസുകളും അത്യാധുനിക ഇന്‍കുബേറ്ററുകളും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ മെന്റര്‍ഷിപ്പും ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനുള്ള അവസരങ്ങളും അവര്‍ക്ക് ലഭിക്കുന്നു.
സാമ്പത്തിക സഹായം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്ന ഈ സമഗ്ര പദ്ധതികളിലൂടെ, കേരളത്തിലെ യുവജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് ലോകോത്തര സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും തൊഴിലവസരങ്ങള്‍ നേടാനും സാധിക്കുന്നു. ഇത് പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയുകയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുമെന്ന് വ്യവസായ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.


