മയ്യിൽ: മയ്യിൽ ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ ഇന്ന് (മെയ് 15, വെള്ളിയാഴ്ച) മുതൽ നിലവിൽ വന്നു. വാഹനങ്ങളുടെ അശ്രദ്ധവും അശാസ്ത്രീയവുമായ പാർക്കിങ് കാരണം ടൗണിലൂടെയുള്ള മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നത്.
പ്രധാന നിയന്ത്രണങ്ങൾ താഴെ പറയുന്നവയാണ്:
• പാർക്കിങ് നിരോധിത മേഖലകൾ: വേളം അമ്പലം റോഡിൽ മിൽക്ക് സൊസൈറ്റി വരെയുള്ള ഭാഗങ്ങളിലും, മയ്യിൽ കാഞ്ഞിരോട് റോഡിൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗങ്ങളിലും, മയ്യിൽ ബസ് സ്റ്റാൻഡ് റോഡിൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.
• ബസ് സ്റ്റാൻഡ്: മയ്യിൽ ബസ് സ്റ്റാൻഡിൽ ടാക്‌സി ഒഴികെയുള്ള സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല.
• ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം: രാവിലെ 10 മണി വരെയും വൈകുന്നേരം 03:30 മുതൽ 07:00 മണി വരെയും ടൗണിൽ തിരക്കേറിയ സമയങ്ങളിൽ ബസ് സ്റ്റാൻഡിലും പാർക്കിങ്ങ് നിയന്ത്രണം എർപ്പെടുത്തിയ റോഡുകളിലും വലിയ ചരക്ക് വാഹനങ്ങളുടെ കയറ്റിറക്ക് അനുവദിക്കില്ല.
• 30 മിനിറ്റ് പാർക്കിങ്: കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ഓഫീസ് ആവശ്യങ്ങൾക്കുമായി ടൗണിൽ എത്തുന്നവർക്ക് മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ പരമാവധി 30 മിനിറ്റ് വരെ മാത്രം വാഹനം നിർത്തിയിടാം. കൂടുതൽ സമയം വേണ്ടവർ നിർദ്ദേശിക്കപ്പെട്ട അതിർത്തിക്ക് പുറത്തോ, മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് പിൻവശത്തായി എർപ്പെടുത്തിയ പ്രൈവറ്റ് പാർക്കിംഗ് ഗ്രൗണ്ടിലോ വാഹനങ്ങൾ പാർക്ക് ചെയ്യണം.
• യു-ടേൺ പാർക്കിങ് വിലക്ക്: സിതാര ഫർണിച്ചർ കടയുടെ മുൻവശം, മയ്യിൽ പൊലീസ് സ്‌റ്റേഷന് മുൻഭാഗം, ഹൈസ്കൂൾ ജംഗ്ഷൻ, കാഞ്ഞിരോട് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക പാർക്കിംഗ് അനുവദിക്കില്ല.
• ബസ് സ്റ്റോപ്പ്: മയ്യിൽ സി.ആർ.സി (CRC) ജംഗ്ഷന് മുന്നിലുള്ള അനധികൃത ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
ഫുട്പാത്തിൽ വാഹനങ്ങൾ കയറ്റിയിടുന്നവർക്കും അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കുമെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

