ഇരിട്ടി: വഴിയാത്രക്കാരനെ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യാവൂർ പാറക്കടവിലെ മേലേടത്ത് എസ്. കുമാർ (50) നൽകിയ പരാതിയിലാണ് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ മാസം 10-ന് രാത്രി 10.30ഓടെ കീഴൂർ വള്ള്യാട് പണമുക്കിൽ വെച്ചായിരുന്നു സംഭവം. ഇളയമ്മയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഒരു സംഘം ആളുകൾ പരാതിക്കാരനെ തടഞ്ഞുവെച്ചതെന്നാണ് പരാതി.
തുടർന്ന് കൈകൊണ്ടും ഇടിവള ഉപയോഗിച്ചും തല, കഴുത്ത്, മുഖം, മൂക്ക് എന്നിവിടങ്ങളിൽ മർദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. പ്രതികൾ ചോദ്യം ചെയ്തപ്പോൾ “ട്രൗസറിട്ട കാലം മുതൽ ഇവിടെ താമസിക്കുന്ന ആളാണ്” എന്ന് മറുപടി പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

