കണ്ണൂർ: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബസ് സ്റ്റാൻഡുകളിലൊന്നും, മലയോര മേഖലയെ നഗരവുമായി കൂട്ടിയിണക്കുന്ന പ്രധാന കേന്ദ്രവുമായ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റാനുള്ള തീരുമാനത്തിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷൻ അടിയന്തരമായി പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ആവശ്യപ്പെട്ടു.
വിവിധ ഓഫീസുകളിലേക്ക് പോകാനായി സാധാരണ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഈ കേന്ദ്രം പൊളിച്ചുമാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പഴയ ബസ് സ്റ്റാൻഡ് യൂണിറ്റ് സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസർ കോട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ:
യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. അബ്ദുൾ നാസർ കോട്ടാഞ്ചേരി (പ്രസിഡന്റ്), അസീസ് വടക്കുമ്പാട് (സെക്രട്ടറി), ഷുഹൈബ് റിയൽ (ട്രഷറർ), എം.എ. അബ്ദുറഹിമാൻ, അഹമദ് മെലഡി, പി.കെ. മുനീർ (വൈസ് പ്രസിഡന്റുമാർ), ഷംസീർ ക്രോസ്സ, റഫീഖ് ഗോൾഡൻ, ഇബ്രാഹിം കുട്ടി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

