ഇരിട്ടി: മഴക്കാലം എത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പൊതുവിടങ്ങൾ, തോടുകൾ, ഓവുചാലുകൾ എന്നിവ ശുചീകരിച്ചും റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചും വിപുലമായ പ്രവർത്തനങ്ങളാണ് നടന്നത്. നഗരസഭാ ചെയർമാൻ വി. വിനോദ് കുമാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന പാതയിൽ കളറോഡ് പാലം മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഊവ്വാപ്പള്ളി വരെയുമുള്ള റോഡുകളുടെ ഇരുവശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളും നീക്കം ചെയ്തു. വിവിധ റീച്ചുകളായി തിരിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഈഡീസ് കൊതുകുകളുടെ വ്യാപനം തടയുന്നതിനും റബ്ബർ ടാപ്പിംഗ് മേഖലകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും ബോധവൽക്കരണം നടത്തി.
കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ, നഗരസഭ ആരോഗ്യ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. അബ്ദുൾ റഷീദ് അധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഷാജി, കൗൺസിലർമാരായ പി.എ. നസീർ, സി.വി. സുധാകരൻ എന്നിവർ സംസാരിച്ചു.

