ചെങ്ങളായി: ‘നിർമ്മല ഭവനം, സുന്ദര ഗ്രാമം’ എന്ന സന്ദേശമുയർത്തി ചെങ്ങളായിയിൽ ജനകീയ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമായാണ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ കേന്ദ്രീകരിച്ച് ബൃഹത്തായ ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷ വിപിന ബി.പി നേതൃത്വം നൽകി.
ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, വ്യാപാരികൾ, സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് പുറമെ ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള നിരവധി ആളുകളാണ് നാടിനെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായി കൈകോർത്തത്.
മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും ടൗണും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുമുള്ള മാതൃകാപരമായ ഈ കൂട്ടായ്മയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.
ചെങ്ങളായി ടൗൺ ഇനി കൂടുതൽ സുന്ദരം; ‘നിർമ്മല ഭവനം, സുന്ദര ഗ്രാമം’ സന്ദേശമുയർത്തി ജനകീയ മെഗാ ശുചീകരണം
RELATED ARTICLES

