ലണ്ടൻ: ലോകമെമ്പാടുമുള്ള വായനക്കാരെ ത്രില്ലറുകളുടെ മുൾമുനയിൽ നിർത്തിയ പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ രാഷ്ട്രീയ നേതാവുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ ‘ആദം ആന്റ് ഈവ്’ ഒക്ടോബർ 6-ന് പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുൻപേയാണ് വിടവാങ്ങൽ. തന്റെ നോവലുകളിലേത് പോലെ തന്നെ സമാനതകളില്ലാത്ത ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു ജെഫ്രി ആർച്ചറുടെ ജീവിതവും.
രാഷ്ട്രീയത്തിൽ നിന്ന് സാഹിത്യത്തിലേക്ക്
ഓക്‌സ്‌ഫഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ ഗ്രേറ്റ് ബ്രിട്ടന് വേണ്ടി ഓടുകയും, ഓക്‌സ്ഫാമിന് ഫണ്ട് കണ്ടെത്താൻ പ്രശസ്ത ബാൻഡ് ആയ ബീറ്റിൽസിന്റെ പിന്തുണ നേടുകയും ചെയ്ത ആർച്ചർ, തന്റെ 29-ാം വയസ്സിലാണ് ബ്രിട്ടിഷ് പാർലമെന്റിൽ എത്തുന്നത്. കൺസർവേറ്റീവ് പാർട്ടിയിലെ താരമായിരുന്ന അദ്ദേഹം ഡയാന രാജകുമാരിയുടെ ഉറ്റമിത്രങ്ങളിൽ ഒരാൾ കൂടിയായിരുന്നു. എന്നാൽ 1970-കളിൽ ‘അക്വാബ്ലാസ്റ്റ്’ എന്ന കനേഡയിൻ കമ്പനിയിൽ നടത്തിയ നിക്ഷേപം തകർന്നതോടെ അദ്ദേഹം വൻകടത്തിലായി. ഇതോടെ പൊതുപ്രവർത്തനം ഉപേക്ഷിച്ച അദ്ദേഹം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എഴുത്തിലേക്ക് തിരിയുകയായിരുന്നു.
വഞ്ചിച്ചവരോട് പ്രതികാരം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ കഥ പറഞ്ഞ ‘നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’ എന്ന ആദ്യനോവൽ വൻവിജയമായി മാറി. എൺപതുകളിൽ പുറത്തിറങ്ങിയ ‘കെയ്ൻ ആൻഡ് ആബേൽ’ എന്ന മാസ്റ്റർപീസ് നോവൽ ആർച്ചറെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. 30 കോടിയിലധികം പുസ്തകങ്ങളാണ് അദ്ദേഹത്തിന്റേതായി വിറ്റഴിഞ്ഞത്. ഇംഗ്ലീഷ് സാഹിത്യം വായിക്കുന്ന ഇന്ത്യക്കാരുടെ പ്രിയ എഴുത്തുകാരൻ കൂടിയായിരുന്നു ആർച്ചർ.
തകർച്ചയും ജയിൽവാസവും
വിജയങ്ങൾക്കൊപ്പം വലിയ തകർച്ചകളും ആർച്ചറെ തേടിയെത്തിയിരുന്നു. മാർഗരറ്റ് താച്ചറുടെ പിന്തുണയിൽ രാഷ്ട്രീയത്തിൽ മടങ്ങിയെത്തിയ സമയത്ത്, മോണിക്ക കോഗ്ലാൻ എന്ന ലൈംഗികത്തൊഴിലാളിയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് ഒരു പത്രം വാർത്ത നൽകി. പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുത്ത് അദ്ദേഹം വൻതുക നഷ്ടപരിഹാരമായി നേടി. എന്നാൽ 14 വർഷത്തിനു ശേഷം, ആ കേസിൽ കോടതിയിൽ കള്ളസാക്ഷ്യം പറയാൻ ആർച്ചർ തന്റെ സുഹൃത്തിനെ പ്രേരിപ്പിച്ചെന്ന് തെളിഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജരേഖ ഉണ്ടാക്കിയതിനും ആർച്ചർക്ക് നാലു വർഷം തടവുശിക്ഷ ലഭിച്ചു.
എന്നാൽ ഈ തകർച്ചയിലും അദ്ദേഹം തളർന്നില്ല. ജയിലിലെ അനുഭവങ്ങൾ ഡയറിയിൽ പകർത്തിയ അദ്ദേഹം അത് പിന്നീട് ‘പ്രിസൺ ഡയറീസ്’ എന്ന പേരിൽ പുസ്തകമാക്കി മാറ്റി. തികഞ്ഞ അച്ചടക്കത്തോടെയാണ് ആർച്ചർ തന്റെ രചനകൾ നിർവ്വഹിച്ചിരുന്നത്. ഓരോ കൃതിയും പത്തിലധികം പ്രാവശ്യം തിരുത്തിയെഴുതാൻ അദ്ദേഹം തയ്യാറായിരുന്നു. എല്ലാ തകർച്ചകളിലും പൂർണ പിന്തുണയോടെ ഭാര്യ മേരി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അവസാനകാലം വരെയും എഴുത്ത് തുടർന്ന ആ പ്രതിഭയുടെ മടക്കം സാഹിത്യലോകത്തിന് തീരാനഷ്ടമാണ്.

