back to top
Sunday, April 19, 2026
Homeകണ്ണൂർബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ബിജെപിയുടെ വനിതാസംവരണം ശുദ്ധതട്ടിപ്പ്: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വനിതാസംവരണത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്നും ബിജെപിയുടെ വനിതാസംവരണ നീക്കം ശുദ്ധതട്ടിപ്പാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയഭീതി മറികടക്കാനാണ് ഈ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. വനിതാ സംവരണം എന്ന പേരില്‍ ലോക്‌സഭ സീറ്റുകള്‍ 850 ആയി വര്‍ധിപ്പിക്കുക ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തിലൂടെയുള്ള മണ്ഡല വിഭജനത്തിലൂടെ ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് അതിന്റെ രാഷ്ട്രീയ നേട്ടം പ്രയോജനപ്പെടുത്തി ഭരണത്തുടര്‍ച്ച നിലനിര്‍ത്താനുള്ള ഗൂഢനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.

ഒരേ അനുപാതത്തില്‍ 50 ശതമാനം എല്ലാ സംസ്ഥാനങ്ങളിലും സീറ്റുവര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വാക്കാല്‍ പറയുന്നതല്ലാതെ ബില്ലില്‍ അത്തരം ഒരു വ്യവസ്ഥയില്ല. അതിലൂടെ തന്നെ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിയെഴുതാനുള്ള ബിജെപിയുടെ തന്ത്രം പൊളിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരാണെന്ന നുണപ്രചരണം പ്രധാനമന്ത്രി നടത്തുന്നത്.

വനിതാസംവരണം നടപ്പിലാക്കുന്നതിന് കോണ്‍ഗ്രസും പ്രതിപക്ഷവും ഒരിക്കലും എതിരല്ല.കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം വനിതാസംവരണം ഉറപ്പാക്കുന്നതിനായി 2023ല്‍ ഇരുസഭകളും കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെ ഐക്യകണ്‌ഠേന പാസാക്കിയ ബില്ലിന് നിയമപ്രാബല്യം നല്‍കുകയായിരുന്നു വേണ്ടത്. വനിതാസംവരണം നടപ്പാക്കുന്നതിന് പകരം അതുവൈകിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്‌തെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

രാജ്യത്ത് വനിതാ ശാക്തീകരണം നടപ്പിലാക്കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.രാജീവ് ഗാന്ധിയുടെ ഭരണകാലയളവിലാണ് പഞ്ചായത്തുകളിലും നഗരപാലികകളിലും വനിതാ സംവരണ ബില്ല് കൊണ്ടുവന്നത്. പിവി നരസിംഹറാവിന്റെ സര്‍ക്കാരാണ് ബില്ല് പാസാക്കിയത്. സുപ്രധാന ഭരണഘടനാ പദവികളില്‍ വനിതകള്‍ക്ക് അവസരം നല്‍കിയതും കോണ്‍ഗ്രസാണ്. പ്രഥമ വനിതാപ്രധാനമന്ത്രി,രാഷ്ട്രപതി, ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയ ഭരണഘടനപരമായ എല്ലാ ഉന്നതാപദവികളിലും സ്ത്രീകളെ പരിഗണിച്ചതും കോണ്‍ഗ്രസാണ്. 2010 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വനിതാ സംവരണ ബില്ല് പാസാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അങ്ങനെയുള്ള കോണ്‍ഗ്രസിനെ ബിജെപിയും മോദിയും വനിതാശാക്തീകരണത്തിന്റെ പ്രാധാന്യം പഠിപ്പിക്കണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments