back to top
Friday, October 23, 2026
Homeകണ്ണൂർവിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് സർക്കാരിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രംഗത്ത്. സർക്കാരിന്റെ നിലപാടുകൾ അദാനിയെ സഹായിക്കുന്നതാണെന്നും, വി.ഡി. സതീശന്റെ ആദ്യ ചാർട്ടഡ് ഫ്ലൈറ്റ് യാത്ര അദാനിയുടെ സ്പോൺസർഷിപ്പിലായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

അദാനി സ്പോൺസേർഡ് സർക്കാർ ആണ് വി.ഡി. സതീശന്റേതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് 49% ഓഹരി കൈമാറ്റ കരാർ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയും നിയമസഭാ മറുപടിയും പരസ്പരം വിരുദ്ധമാണ്.

അദാനിയുടെ 49 ശതമാനം ഓഹരി ബഹുരാഷ്ട്ര സ്വകാര്യ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയുടെ ഉപകമ്പനിയായ മുണ്ട ലിമിറ്റഡിന് കരാറിലൂടെ കൈമാറിയത് 2026 ജൂൺ 29-നായിരുന്നു. അക്കാര്യം തൊട്ടടുത്ത ദിവസമായ ജൂൺ 30-ന് സെബിയെ അദാനി രേഖാമൂലം അറിയിക്കുകയുണ്ടായി. ഓഹരി കൈമാറ്റം സംബന്ധിച്ച കാര്യങ്ങൾ തീർപ്പുണ്ടാക്കേണ്ട കേന്ദ്ര ഏജൻസിയാണ് സെബി. മാത്രമല്ല നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും കരാർ ഒപ്പിട്ട ഉടൻ വിവരം അറിയിക്കുകയും ചെയ്തു.

2015ലെ വിഴിഞ്ഞം തുറമുഖ കരാർ വ്യവസ്ഥ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറുമ്പോൾ സംസ്ഥാന സർക്കാരിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. എന്നാൽ ഇവിടെ നഗ്നമായ നിയമലംഘനവും കരാർ ലംഘനവുമാണ് അദാനി നടത്തിയത്. ഈ നിയമലംഘനവും കരാർ ലംഘനവും ചൂണ്ടിക്കാട്ടി സെബിക്ക് പരാതി നൽകുവാനോ കോടതിയെ സമീപിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. എന്നാൽ പ്രതിപക്ഷ നേതാവ് ജൂലൈ 3-ന് തന്നെ സെബിക്ക് പരാതി നൽകുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

ഇപ്പോൾ പുറത്തുവന്നത് പരസ്പരവിരുദ്ധമായ മറുപടികളാണ്. പരസ്പരം വിരുദ്ധമാണെങ്കിലും മുഖ്യമന്ത്രിക്ക് ഓഹരി കൈമാറ്റം സംബന്ധിച്ച് നേരത്തെ അറിയാമായിരുന്നു എന്നും, എന്നാൽ സർക്കാരിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടില്ല എന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകൂർ അനുമതി എന്നാൽ കരാറിൽ ഒപ്പിടുന്നതിനും മുമ്പ് സർക്കാരിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഇപ്പോൾ പുറത്തുവന്ന മറുപടിയിലൂടെ വ്യക്തമാകുന്നത് ജൂലൈ 1-നും ജൂലൈ 3-നുമായി അദാനിയുടെ കത്ത് സർക്കാരിന് ലഭിച്ചു എന്നാണ്. അതിനർത്ഥം വിൽപ്പന കരാർ ഒപ്പിട്ടതിനു ശേഷമാണ് സർക്കാരിനെ അറിയിക്കുന്നത് എന്നാണ്.

ഓഹരി കൈമാറ്റ കരാറിൽ ഒപ്പിടുന്നതിനു മുമ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി മൗനാനുവാദം നൽകുകയാണ് ചെയ്തത്. വി.ഡി. സതീശന്റെ ആദ്യ ചാർട്ടഡ് ഫ്ലൈറ്റ് യാത്ര അദാനിയുടെ സ്പോൺസർഷിപ്പിൽ ആയിരുന്നു. നാടിന്റെ സമ്പത്ത് കൊള്ളയടിക്കാൻ അദാനിക്ക് സഹായം ചെയ്തു കൊടുത്തത് അതിനുള്ള പ്രത്യുപകാരമാണ്. അങ്ങേയറ്റം പ്രതിഷേധമർഹമായ നടപടിയാണിത്.

– എം.വി. ജയരാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments