ന്യൂഡൽഹി: രാജ്യത്ത് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയിൽ വൻ വർധന. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും, ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. ഇന്ന് (മെയ് 15) മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിലും ഉടൻ വർധനവുണ്ടായേക്കുമെന്നാണ് സൂചന.
കാരണം ക്രൂഡ് ഓയിൽ വിലവർധനയും സാമ്പത്തിക നഷ്ടവും
ലിറ്ററിന് അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യമെങ്കിലും, കേന്ദ്ര സർക്കാർ മൂന്ന് രൂപയുടെ വർധനവിന് മാത്രമാണ് അനുമതി നൽകിയത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. മിഡിൽ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 യു.എസ് ഡോളറിൽ നിന്ന് 126 യു.എസ് ഡോളറായി ഉയർന്നതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയത്.
2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ ഇത്രയും വലിയൊരു വർധനവുണ്ടാകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഉൾപ്പെടെ പുതിയ ഇന്ധനവില വർധനവ് കാരണമായേക്കും.

