ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയും വിമാന ഇന്ധനവിലയിലെ കുതിച്ചുചാട്ടവും വ്യോമപാത നിയന്ത്രണങ്ങളും പശ്ചാത്തലമായി നിരവധി അന്താരാഷ്ട്ര സർവീസുകൾ താത്കാലികമായി നിർത്തിവെച്ചും ചില റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറച്ചും എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് സർവീസ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഡൽഹി-ഷിക്കാഗോ, മുംബൈ-ന്യൂയോർക്ക് (JFK), ഡൽഹി-ഷാങ്ഹായി, ചെന്നൈ-സിങ്കപ്പൂർ, മുംബൈ-ധാക്ക, ഡൽഹി-മാലി തുടങ്ങിയ സർവീസുകളാണ് ഓഗസ്റ്റ് മാസം വരെ താത്കാലികമായി റദ്ദാക്കിയത്.
അതേസമയം, ചില പ്രധാന റൂട്ടുകളിൽ സർവീസുകളുടെ എണ്ണം ഗണ്യമായി കുറച്ചു. ഡൽഹി-സാൻ ഫ്രാൻസിസ്‌കോ സർവീസുകൾ ആഴ്ചയിൽ 10ൽ നിന്ന് 7 ആയി ചുരുക്കി. ഡൽഹി-ടൊറന്റോ സർവീസുകൾ ജൂലൈയിൽ 10ൽ നിന്ന് 5 ആക്കിയെങ്കിലും ഓഗസ്റ്റ് മുതൽ വീണ്ടും പ്രതിദിന സർവീസ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
ഡൽഹി-വൻകൂവർ, ഡൽഹി-പാരീസ്, ഡൽഹി-കോപ്പൻഹേഗൻ, ഡൽഹി-റോം, ഡൽഹി-സൂറിച്ച്, ഡൽഹി-മിലാൻ, ഡൽഹി-വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കുറച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്കുള്ള ഡൽഹി-മെൽബൺ, ഡൽഹി-സിഡ്‌നി സർവീസുകളും ആഴ്ചയിൽ ഏഴിൽ നിന്ന് നാലാക്കി ചുരുക്കി.
ഏഷ്യൻ റൂട്ടുകളിലും വലിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി-സിങ്കപ്പൂർ സർവീസുകൾ ആഴ്ചയിൽ 24ൽ നിന്ന് 14 ആക്കിയപ്പോൾ, മുംബൈ-സിങ്കപ്പൂർ സർവീസുകൾ 14ൽ നിന്ന് 7 ആയി കുറച്ചു. ഡൽഹി-ബാങ്കോക്ക്, മുംബൈ-ബാങ്കോക്ക്, ഡൽഹി-ക്വാലാലംപൂർ, ഡൽഹി-ഹോചിമിൻ സിറ്റി, ഡൽഹി-ഹാനോയ്, ഡൽഹി-കാഠ്മണ്ഡു, ഡൽഹി-ധാക്ക തുടങ്ങിയ റൂട്ടുകളിലും സർവീസ് വെട്ടിക്കുറച്ചു.
അതേസമയം, മുംബൈ-നെവാർക്ക് റൂട്ടിൽ സർവീസുകൾ വർധിപ്പിച്ച് പ്രതിദിന സർവീസാക്കി മാറ്റിയിട്ടുണ്ട്. ഡൽഹി-ന്യൂയോർക്ക് സർവീസ് നിലവിലെ പോലെ പ്രതിദിനമായി തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാർ യാത്രയ്ക്ക് മുൻപ് സർവീസ് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലോ എയർ ഇന്ത്യ കസ്റ്റമർ കെയറിലോ പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു.
മാറ്റങ്ങൾ ഇങ്ങനെ
ഡൽഹി-ഷിക്കാഗോ (സർവീസ് താത്കാലികമായി റദ്ദാക്കി)
ഡൽഹി-സാൻ ഫ്രാൻസിസ്‌കോ (ആഴ്ചയിൽ പത്ത് സർവീസ് എന്നത് ഏഴെണ്ണമാക്കി ഓഗസ്റ്റ് മാസം വരെ കുറച്ചു)
ഡൽഹി- ടൊറന്റോ (ജൂലൈമാസത്തിൽ ആഴ്ചയിൽ പത്ത് സർവീസുകൾ എന്നത് അഞ്ച് എണ്ണമാക്കി. പ്രതിദിന സർവീസുകൾ ഓഗസ്റ്റ് മാസം മുതൽക്കുണ്ടാകും)
ഡൽഹി-വൻകൂവർ (പ്രതിവാര സർവീസ് ഏഴിൽനിന്ന് അഞ്ചാക്കി ചുരുക്കി)
മുംബൈ- നെവാർക്ക് (പ്രതിവാരം മൂന്ന് സർവീസുകൾ എന്നതിൽനിന്ന് പ്രതിദിന സർവീസായി വർധിപ്പിച്ചു)
ഡൽഹി-നെവാർക്ക് (തത്കാലത്തേക്ക് സർവീസ് റദ്ദാക്കി)
മുംബൈ-ന്യൂയോർക്ക് (ജെഎഫ്‌കെ)-തത്കാലത്തേക്ക് സർവീസുകളുണ്ടാകില്ല
ഡൽഹി-ന്യൂയോർക്ക് (പ്രതിദിന സർവീസ് ആയി തുടരും)
ഡൽഹി- പാരീസ് (പ്രതിവാര സർവീസുകൾ 14-ൽനിന്ന് ഏഴാക്കി)
ഡൽഹി- കോപ്പൻഹേഗൻ (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-മിലാൻ (പ്രതിവാര സർവീസുകൾ അഞ്ചിൽനിന്ന് നാലാക്കി)
ഡൽഹി-വിയന്ന (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-സൂറിച്ച് (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-റോം (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-മെൽബൺ (പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
ഡൽഹി-സിഡ്‌നി (പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
ഡൽഹി-ഷാങ്ഹായി (ഓഗസ്റ്റ് മാസം വരെ സർവീസ് നിർത്തിവെച്ചു)
ഡൽഹി-സിങ്കപ്പുർ (പ്രതിവാരം 24 സർവീസ് എന്നതിൽനിന്ന് 14 ആയി കുറച്ചു)
മുംബൈ-സിങ്കപ്പുർ ( പ്രതിവാര സർവീസ് 14-ൽനിന്ന് ഏഴാക്കി)
ചെന്നൈ- സിങ്കപ്പുർ (ഓഗസ്റ്റ് മാസംവരെ താത്കാലികമായി സർവീസുകൾ റദ്ദാക്കി)
ഡൽഹി- ബാങ്കോക്ക് (ജൂലൈ മുതൽ പ്രതിവാര സർവീസ് 28-ൽനിന്ന് 21 ആക്കി)
മുംബൈ- ബാങ്കോക്ക് ( ജൂലൈ മുതൽ പ്രതിവാര സർവീസ് 13-ൽനിന്ന് ഏഴാക്കി)
ഡൽഹി-ക്വാലാലംപുർ (പ്രതിവാര സർവീസുകൾ പത്തിൽനിന്ന് അഞ്ചാക്കി)
ഡൽഹി- ഹോചിമിൻ സിറ്റി (ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
ഡൽഹി-ഹാനോയ് (ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിവാര സർവീസുകൾ അഞ്ചിൽനിന്ന് നാലാക്കി)
ഡൽഹി-കാഠ്മണ്ഡു (ജൂൺ മാസത്തിൽ പ്രതിവാര സർവീസുകൾ 42-ൽനിന്ന് 28 ആക്കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിവാര സർവീസുകൾ 21 ആയി)
ഡൽഹി- ധാക്ക (പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
മുംബൈ-ധാക്ക (ഓഗസ്റ്റ് വരെ താത്കാലികമായി റദ്ദാക്കി)
മുംബൈ- കൊളംബോ (പ്രതിവാര സർവീസ് 14-ൽനിന്ന് 12 ആക്കി)
ഡൽഹി-മാലി (ഓഗസ്റ്റ് വരെ താത്കാലികമായി റദ്ദാക്കി)

