back to top
Friday, June 26, 2026
Homeകേരളംമലയാളി ഹാജിമാർ പുണ്യഭൂമിയിൽ;കണ്ണൂരിൽ നിന്നുള്ള യാത്ര വ്യാഴാഴ്ച സമാപിക്കും

മലയാളി ഹാജിമാർ പുണ്യഭൂമിയിൽ;കണ്ണൂരിൽ നിന്നുള്ള യാത്ര വ്യാഴാഴ്ച സമാപിക്കും

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി കേരളത്തിൽ നിന്നുള്ള തീർഥാടകരുടെ പ്രവാഹം തുടരുന്നു. കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിൻറുകൾ വഴിയുള്ള ഭൂരിഭാഗം ഹാജിമാരും ഇതിനോടകം മക്കയിൽ എത്തിക്കഴിഞ്ഞു. കണ്ണൂർ വിമാനത്താവളം വഴിയുള്ള ഹാജിമാരുടെ യാത്ര വ്യാഴാഴ്ച സമാപിക്കും. ഒരാഴ്ചയിലധികമായി നീണ്ടുനിന്ന 13 വിമാന സർവീസുകളിലായി ആകെ 4,279 ഹാജിമാരാണ് കണ്ണൂരിൽ നിന്ന് ഇതുവരെ പുറപ്പെട്ടത്.

കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ വ്യാഴാഴ്ച മുതൽ

കോഴിക്കോട് വിമാനത്താവളത്തിൽ (കരിപ്പൂർ) നിന്നുള്ള തീർഥാടകരുടെ യാത്ര വ്യാഴാഴ്​ച ആരംഭിക്കും. വ്യാ​ഴാഴ്​ച പുലർച്ചെ 145 തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. ഈ മാസം 17 വരെയാണ് കോഴിക്കോട് നിന്നുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആകാശ എയർ വിമാനങ്ങളിലായി ആകെ ഏഴ് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. വ്യാഴാഴ്​ച മുതൽ ശനിയാഴ്ച വരെ പ്രതിദിനം രണ്ട് വിമാനങ്ങൾ വീതവും, അവസാന ദിവസമായ ഞായറാഴ്ച ഒരു വിമാനവും സർവീസ് നടത്തും. ജിദ്ദ വിമാനത്താവളം വഴിയാണ് ഈ തീർഥാടകർ മക്കയിലെത്തുക.

മദീന സന്ദർശനം പുരോഗമിക്കുന്നു

ഏപ്രിൽ 18 മുതൽ മക്കയിലെത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ തീർഥാടകർ ഇപ്പോൾ മദീന സന്ദർശനത്തിലാണ്. എട്ട് മുതൽ 10 ദിവസം വരെ മദീനയിൽ ചെലവഴിച്ച ശേഷം ഹജ്ജിന് തൊട്ടടുത്ത ദിവസങ്ങളിൽ ഇവർ മക്കയിലേക്ക് മടങ്ങും. അതേസമയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി നേരത്തെ മദീനയിലെത്തിയ ഹാജിമാരുടെ സന്ദർശനം പൂർത്തിയായി. മദീനയിൽ നിന്നുള്ള അവസാന തീർഥാടക സംഘവും വ്യാഴാഴ്ച മക്കയിലേക്ക് തിരിക്കും. സമസ്ത ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന ഹാജിമാർ ഉൾപ്പെടെയുള്ളവർ ഹജ്ജ് കർമങ്ങൾക്ക് ശേഷമായിരിക്കും പ്രവാചക നഗരി സന്ദർശിക്കുക. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം വരും ദിവസങ്ങളിൽ ജിദ്ദ വഴിയാകും ഹാജിമാർ നാട്ടിലേക്ക് മടങ്ങുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments