ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ വൻ സംഘർഷവും അറസ്റ്റും. സമരത്തിന് അനുമതി നിഷേധിച്ച കേന്ദ്ര ഭരണകൂടവും ഡൽഹി പോലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കി. തലസ്ഥാന നഗരിയെ 20 മേഖലകളാക്കി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലാക്കാൻ ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പേരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പോലീസ്, അമ്മ വാതിൽ തുറന്നതോടെ അകത്തുകയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർധരാത്രിയിൽ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
കൂടാതെ, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭീജിത്ത് ദീപ്‌കെയെ മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹിയിലെത്തിയ ഉടൻ വിമാനത്തിനുള്ളിൽവെച്ച് കസ്റ്റഡിയിലെടുത്തു.
കേരള ഹൗസിന് മുന്നിൽ മാർച്ചിനൊരുങ്ങുന്നതിനിടെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിലേക്ക് തിരികെ കയറണമെന്നാണ് നേതാക്കൾക്ക് പോലീസ് നൽകിയിരിക്കുന്ന നിർദേശം. രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനാണ് ഡൽഹിയിലെ സംഭവവികാസങ്ങൾ വഴിവെച്ചിരിക്കുന്നത്.

