മലപ്പട്ടം: മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ അടിച്ചേരി, കൊവുന്തല ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തിങ്കളാഴ്ച പകൽ മൂന്ന് മണിയോടെ വീശിയടിച്ച കനത്ത കാറ്റിൽ ഇരുപതോളം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണതോടെ പ്രദേശത്തെ റോഡ് ഗതാഗതം തടസ്സപ്പെട്ടു.
മരങ്ങൾ പൊട്ടിവീണ് പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു . വീടുകളുടെ മേൽക്കൂരകൾക്കും ഷീറ്റുകൾക്കും വലിയ നാശമാണ് ഉണ്ടായിട്ടുള്ളത്. വിവരമറിഞ്ഞ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് പി. വാസന്തി, വില്ലേജ് ഓഫീസർ കൃഷ്ണൻ എന്നിവർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

