കണ്ണൂർ: എടക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ ഉപാസനാത്മ കലാകേന്ദ്രത്തിന്റെ രണ്ടാം വർഷ ‘ഗുരുസ്മൃതി ഫെസ്റ്റും’ കുട്ടികളുടെ അരങ്ങേറ്റവും മെയ് 14, 15 തീയതികളിൽ കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി എന്നീ ഇനങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് ഈ വേദികളിൽ അരങ്ങേറ്റം കുറിക്കുന്നത്.
രണ്ടാം വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണം പ്രശസ്ത സിനിമ താരവും കുച്ചുപുടി നർത്തകിയുമായ രചന നാരായണൻകുട്ടി അവതരിപ്പിക്കുന്ന കുച്ചുപുടി നൃത്ത വിരുന്നാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ കലാമാമാങ്കത്തിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും സംബന്ധിക്കും.
നൃത്ത പഠനരംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവെക്കുന്ന ഉപാസനാത്മ കലാകേന്ദ്രത്തിന്റെ ഈ വാർഷികാഘോഷത്തിലേക്ക് എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

