കണ്ണൂർ: സോഷ്യൽ മീഡിയ വഴി പ്രത്യേക കോഡുകളുപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് എക്സൈസിന്റെ പിടിയിൽ. തളിപ്പറമ്പ് പട്ടുവം കടവ് സ്വദേശി തറമ്മിൽ ഹൗസിൽ കെ.വി ഷമ്മാസിനെയാണ് പാപ്പിനിശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 10 ഗ്രാമിലധികം മെത്താംഫെറ്റമിൻ ഉദ്യോഗസ്ഥർ പിടികൂടി.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.പി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം കോട്ടക്കിലിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പാപ്പിനിശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ ആപ്പുകൾ വഴിയായിരുന്നു ഇയാളുടെ പ്രധാന ഇടപാടുകൾ. ആവശ്യക്കാർക്ക് സോഷ്യൽ മീഡിയയിൽ ചില പ്രത്യേക കോഡുകൾ നൽകിയാണ് ഇയാൾ മയക്കുമരുന്ന് കൈമാറിയിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

