ചാലിശ്ശേരി: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ ചാലിശ്ശേരി ആലിക്കരയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
വീടിന് സമീപത്തെ പാടത്തേക്ക് പിതാവിനൊപ്പം മീൻ പിടിക്കാൻ പോവുകയായിരുന്നു ഹൈസിൻ. പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

