അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ വനംവകുപ്പിന്റെ ആർആർടി (RRT) സംഘം മയക്കുവെടി വെച്ച് തളച്ചു. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിലാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്. ആന ശാന്തനായ വിവരം റോജി എം. ജോൺ എംഎൽഎ സ്ഥിരീകരിച്ചു.
മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം ആചാരപ്രകാരം തൊഴീക്കാനായി കിടങ്ങൂർ ക്ഷേത്രത്തിൽ എത്തിച്ചപ്പോഴാണ് ആന വിരണ്ടത്. ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയുണ്ടായ ആക്രമണത്തിൽ ലോറി ഡ്രൈവർ മരിക്കുകയും ഒന്നാം പാപ്പാൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായാണ് വിവരം. ആനയെ മെഡിക്കൽ സംഘം പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.

