കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. പ്രതി ഉമ്മർ ഫറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഉമ്മറിന്റെ വെട്ടേറ്റ ഏകമകൾ ജുമൈല തിങ്കളാഴ്ച വൈകിട്ടോടെ തന്നെ മരിച്ചിരുന്നു.
• തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഉമ്മർ ഫറൂഖിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ വെച്ച് സ്വത്തുതർക്കത്തെ ചൊല്ലി ഉമ്മറും ഷേഖ് അബ്ബയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ആയുധവുമായി ഉമ്മർ അബ്ബയെ ആക്രമിക്കുമ്പോൾ തടയാൻ ശ്രമിച്ച മകൾ ജുമൈലയ്ക്ക് കഴുത്തിലും കാലിനും വെട്ടേൽക്കുകയായിരുന്നു.
• രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ പ്ലസ് വൺ വിദ്യാർത്ഥിനി ജുമൈല സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വിദേശത്ത് ജോലി ചെയ്തിരുന്ന ഉമ്മർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികൾക്ക് അടിമയാണെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.


