മലപ്പുറം: കൊണ്ടോട്ടി എം.ഡി.എം.എ. ലഹരിക്കടത്ത് കേസിലെ തുടരന്വേഷണത്തിൽ നൈജീരിയൻ സ്വദേശിയും ഇന്ത്യൻ വംശജയായ ഭാര്യയും പുണെയിൽ പോലീസ് പിടിയിലായി. നൈജീരിയൻ സ്വദേശി പോൾ, ഭാര്യ ആരതി എന്നിവരെയാണ് എൻ.ഡി.പി.എസ്. നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിൽ കൊണ്ടോട്ടി പുളിക്കലിൽ നിന്നും 780 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിലെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. മയക്കുമരുന്ന് കൈമാറുന്ന പ്രധാന ക്യാരിയറായാണ് പോൾ പ്രവർത്തിച്ചിരുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി പോൾ ഭാര്യ ആരതിയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. ലഹരിവ്യാപാരത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും വ്യക്തമായ അറിവോടെ തന്നെയാണ് ആരതിയും കുറ്റകൃത്യത്തിൽ പങ്കാളിയായതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പോൾ ഉൾപ്പെടെയുള്ള ക്യാരിയർമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരിശൃംഖലയിലെ പ്രധാന കണ്ണികളിലേക്ക് എത്താനായതെന്നും, കേസിൽ ഇതുവരെ പത്തോളം പേർ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ബെംഗളൂരു പോലീസിന്റെ അഞ്ച് കിലോ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലും കോയമ്പത്തൂരിലെ ലഹരികേസുകളിലും പിടിയിലായ ദമ്പതികൾക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ കേസുകളെല്ലാം ഒരേ നാർക്കോട്ടിക് ശൃംഖലയുടെ ഭാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. വലിയ ലഹരി ശൃംഖലകളെ പൂർണ്ണമായി തകർക്കുന്നതിനുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുകയാണെന്നും എസ്.പി. അറിയിച്ചു.

