തലശ്ശേരി: കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ടി20 ടൂർണമെന്റിന്റെ ഫൈനൽ നാളെ (ചൊവ്വാഴ്ച) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബി.കെ 55 സുൽത്താൻ സിസ്റ്റേഴ്സ് ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സിനെ നേരിടും.
തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തിൽ കോസ്മോസ് സി.സി നെസ്റ്റ് ഒരു വിക്കറ്റിന് ജാസ്മിൻ സി.സിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ജാസ്മിൻ സി.സി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. എസ്.ആർ ഉർവശി (47*) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കോസ്മോസ് 15.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി വിജയം കണ്ടു. 57 റൺസെടുത്ത അൻസു സുനിലാണ് കോസ്മോസിന്റെ വിജയശില്പി. അൻസു സുനിൽ കളിയിലെ താരമായും അൽക്ക സുരേഷ് ഇംപാക്ട് താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ ബി.കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 4 വിക്കറ്റിന് ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് കോളേജ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. കെ.ആർ നിധുന (43*), കെ.എസ് സായൂജ്യ (42), എ. അക്ഷയ (38) എന്നിവർ തിളങ്ങി. മറുപടിയായി ബി.കെ 55 സുൽത്താൻ സിസ്റ്റേഴ്സ് 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്ത് വിജയിച്ചു. പുറത്താകാതെ 60 റൺസെടുത്ത സജ്ന സജീവനാണ് ടീമിന് ആവേശവിജയം സമ്മാനിച്ചത്. സജ്ന സജീവൻ കളിയിലെ താരമായും, പി.പി അക്ഷയ ഇംപാക്ട് താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

