തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി (SSLC) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. സംസ്ഥാനത്തൊട്ടാകെ 4,14,290 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത് (99.22%).
ഫുൾ എ പ്ലസിൽ വലിയ ഇടിവ്; തിളങ്ങി പെൺകുട്ടികൾ
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവാണുണ്ടായത്. 30,514 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇത്തവണ ഫുൾ എ പ്ലസ് ലഭിച്ചത് (കഴിഞ്ഞ തവണ ഇത് 61,449 ആയിരുന്നു). ഫുൾ എ പ്ലസ് നേടിയവരിലും പെൺകുട്ടികളാണ് മുൻപന്തിയിൽ. 20,771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചപ്പോൾ 9,743 ആൺകുട്ടികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
പത്തനംതിട്ടയും കുട്ടനാടും ഒന്നാമത്
റവന്യൂ ജില്ലകളിൽ വിജയശതമാനം ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയവുമായി കുട്ടനാട് ഒന്നാമതെത്തി. പ്രൈവറ്റ് വിഭാഗത്തിൽ 251 പേര്‍ പരീക്ഷ എഴുതിയതിൽ 189 പേര്‍ ജയിച്ചു (75.3% വിജയം). 3059 സ്കൂളുകളിലായി നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയം 72 ക്യാമ്പുകളിലായിട്ടാണ് പൂർത്തിയാക്കിയത്.
സേ പരീക്ഷയും പുനർമൂല്യനിർണ്ണയവും
പരീക്ഷാ ഫലം ഡിജി ലോക്കറിലും വാട്സാപ്പ് സന്ദേശത്തിലൂടെയും ലഭ്യമാകും. ഒരു വിഷയത്തിലോ അതിലധികമോ പരാജയപ്പെട്ടവർക്കുള്ള സേ (SAY) പരീക്ഷ ജൂൺ ആദ്യവാരം നടക്കും. ഇതിന്റെ ഫല പ്രഖ്യാപനം ജൂൺ അവസാനത്തോടെയുണ്ടാകും. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയത്തിന് മെയ് 16 മുതൽ 21 വരെ അപേക്ഷിക്കാവുന്നതാണ്.
ഫുൾ എ പ്ലസിൽ പകുതിയോളം കുറവ്
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്തവണ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 30,514 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിടത്താണിത്. കഴിഞ്ഞ വർഷത്തേക്കാൾ പകുതിയോളം എ പ്ലസുകളാണ് ഇത്തവണ കുറഞ്ഞത്.
പുതിയ പാഠപുസ്തകങ്ങൾ വന്നതിന് ശേഷമുള്ള ആദ്യ പരീക്ഷയായിരുന്നതിനാലും, മുൻ വർഷങ്ങളേക്കാൾ ചോദ്യനിലവാരം ഉയർന്നതിനാലുമാണ് ഫുൾ എ പ്ലസുകാരുടെ എണ്ണത്തിൽ ഇത്രവലിയ ഇടിവുണ്ടായതെന്നാണ് വിലയിരുത്തൽ. റിസൾട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ വിജയശതമാനവും എ പ്ലസും കുറഞ്ഞേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഫലം പി.ആർ.ഡി ലൈവ് ഉൾപ്പെടെയുള്ള ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും ‘സഫലം’ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.
ഫലം എളുപ്പത്തിൽ അറിയാൻ:
ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഫലം അറിയാം. ഇതിന് പുറമെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത‌് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പി.ഡി.എഫ് (PDF) രൂപത്തിൽ ലഭ്യമാകും.
എസ്.എസ്.എൽ.സി ഫലം അറിയാൻ താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക:
• www.results.kerala.gov.in
• www.examresults.kerala.gov.in
• www.prd.kerala.gov.in
• https://results.digilocker.gov.in/
• https://sslcexam.kerala.gov.in/
• https://thslcexam.kerala.gov.in/thslc/
• https://sslchiexam.kerala.gov.in/

