back to top
Tuesday, May 26, 2026
Homekannurട്രെയിൻ ടിക്കറ്റ് ക്യാൻസലേഷനിലും ബോർഡിങ് പോയിന്റിലും വൻ മാറ്റങ്ങളുമായി റെയിൽവേ; പുതിയ നിയമങ്ങൾ ഏപ്രിൽ മുതൽ

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷനിലും ബോർഡിങ് പോയിന്റിലും വൻ മാറ്റങ്ങളുമായി റെയിൽവേ; പുതിയ നിയമങ്ങൾ ഏപ്രിൽ മുതൽ

ന്യൂഡൽഹി: കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതിലും ബോർഡിങ് പോയിന്റ് മാറ്റുന്നതിലും പുതിയ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഏപ്രിൽ 1-നും 15-നും ഇടയിലായി ഘട്ടം ഘട്ടമായിട്ടാകും ഈ പുതിയ നിയമങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കുക. ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ട് തുകയിലും സമയക്രമത്തിലുമാണ് പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ക്യാൻസലേഷൻ നിരക്കുകൾ ഇങ്ങനെ:

• 72 മണിക്കൂറിന് മുൻപ്: യാത്ര ആരംഭിക്കാൻ 72 മണിക്കൂറിലധികം (3 ദിവസം) സമയമുള്ളപ്പോൾ കൺഫേമായ ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി തുക റീഫണ്ടായി ലഭിക്കും. യാത്രികരുടെ എണ്ണത്തിന് അനുസരിച്ചുള്ള ഫ്‌ളാറ്റ് ക്യാൻസലേഷൻ ചാർജ് മാത്രമാകും ഈടാക്കുക.

• 24 മുതൽ 72 മണിക്കൂർ വരെ: യാത്രയ്ക്ക് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ യാത്രാക്കൂലിയുടെ 25 ശതമാനം പിഴയായി ഈടാക്കും.

• 8 മുതൽ 24 മണിക്കൂർ വരെ: ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂറിനും 8 മണിക്കൂറിനുമിടയിലുള്ള സമയത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനമാകും പിഴ.

• 8 മണിക്കൂറിൽ താഴെ: യാത്ര ആരംഭിക്കാൻ 8 മണിക്കൂറിൽ താഴെ മാത്രം സമയമുള്ളപ്പോഴോ, അല്ലെങ്കിൽ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപോ ആണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ല.

ബോർഡിങ് പോയിന്റ് മാറ്റാൻ കൂടുതൽ സമയം

നിലവിൽ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമായിരുന്നു യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ മാറ്റാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം യാത്ര ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള ഓപ്ഷൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്. വലിയ നഗരങ്ങളിൽ ഒന്നിലധികം സ്റ്റോപ്പുകളുള്ള ട്രെയിനുകളിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

ഇടനിലക്കാർ അനധികൃതമായി ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും, യാത്രയ്ക്ക് തൊട്ടുമുൻപ് ക്യാൻസൽ ചെയ്ത് വൻ തുക റീഫണ്ടായി കൈക്കലാക്കുകയും ചെയ്യുന്ന രീതി തടയാനാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments