back to top
Monday, May 11, 2026
Homeകേരളംയു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കെ.സി വേണുഗോപാൽ; 'ഇത് പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലം'

യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കെ.സി വേണുഗോപാൽ; ‘ഇത് പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലം’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഓരോ യു.ഡി.എഫ് പ്രവർത്തകനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും, കഴിഞ്ഞ 10 വർഷത്തെ പോരാട്ടത്തിൽ കള്ളക്കേസുകളും മർദ്ദനവും നേരിട്ട പ്രവർത്തകരാണ് ഈ വിജയത്തിന്റെ യഥാർഥ താരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മടത്തേത് സാങ്കേതിക വിജയം മാത്രം:

100-ലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റേത് കേവലം സാങ്കേതിക വിജയം മാത്രമാണ്. യു.ഡി.എഫിന്റെ മുദ്രാവാക്യം പിണറായിയുടെ നാടും അംഗീകരിച്ചു കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാർ പോലും യു.ഡി.എഫിനൊപ്പം നിന്നുവെന്നും ജനം വ്യക്തമായ സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം-ബി.ജെ.പി ഡീലിനെതിരെ അണികൾ പ്രതികരിച്ചു:

വാമനപുരത്ത് യു.ഡി.എഫ് സ്ഥാനാർഥിയെ എസ്.ഡി.പി.ഐ സ്ഥാനാർഥിയെന്ന് വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചു. എന്നാൽ വാമനപുരം മികച്ച മതേതര മാതൃകയാണ് കാട്ടിക്കൊടുത്തത്. തവനൂരിലും ഇതേ മതേതര മാതൃകയുടെ വിജയമാണുണ്ടായത്. ബി.ജെ.പിയുമായി ഡീൽ നടത്താൻ പോയ സി.പി.എമ്മിനെതിരെ അണികളിൽ നിന്നുപോലും വലിയ വികാരമുണ്ടായെന്ന് കെ.സി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും:

ജനവിധി തികഞ്ഞ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും യു.ഡി.എഫിനെ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്തവർക്ക് മാത്രമുള്ള ഭരണമാകില്ല വരാൻ പോകുന്നത്, മറിച്ച് ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഭരണമായിരിക്കും. ഇതൊരു ടീം വർക്കിന്റെ ജയമാണ്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് വ്യക്തമായ വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നും, നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒട്ടും വൈകാതെ തന്നെ അത് പ്രഖ്യാപിക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments