back to top
Monday, June 8, 2026
Homeകേരളംസിഎംആർഎല്ലിനെതിരായ നടപടിക്ക് വെള്ളിയാഴ്ചവരെ സ്റ്റേ; വീണ വിജയനെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി

സിഎംആർഎല്ലിനെതിരായ നടപടിക്ക് വെള്ളിയാഴ്ചവരെ സ്റ്റേ; വീണ വിജയനെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിപറയാനായി മാറ്റി. വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ യാതൊരു വിധത്തിലുള്ള കർശന നടപടികളും പാടില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് ഇഡിക്ക് നിർദേശം നൽകി.

അപ്പീലിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ ഹർജിക്കാർക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കോടതി നൽകിയ ഈ സംരക്ഷണം അപ്പീൽ ഹർജി നൽകിയ സിഎംആർഎൽ കന്പനിയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. കേസിലെ മറ്റു കക്ഷികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് ഇഡിക്ക് നിലവിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.

വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോകും. 

ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്. എന്നാൽ, ഇഡിക്ക് അന്വേഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫൻസോ കേസിൽ ഇതുവരെ വെളിവായിട്ടില്ലെന്ന് സിഎംആർഎൽ കോടതിയിൽ ആവർത്തിച്ചു.

എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായതിനാൽ അതിനെ നിലവിൽ ഒരു കേസായി പരിഗണിക്കാൻ കഴിയില്ലെന്നും അതിനാൽ പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ പ്രധാന വാദം. കഴിഞ്ഞ ദിവസങ്ങളിൽ ബാംഗ്ലൂർ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ലഭിച്ച നിർണായക വിവരങ്ങൾ ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുറപ്പെടുവിക്കുന്ന അന്തിമ വിധി കേസിൽ നിർണായകമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments