കണ്ണൂർ: കടപ്പുറത്ത് നിന്നും ഓമ്നി വാനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മണൽ പോലീസ് പിടികൂടി. കണ്ണൂർ മൈതാനപ്പള്ളി കടപ്പുറത്ത് നിന്നും കറുവ ഭാഗത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച മണലാണ് സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടയുടൻ വാഹനത്തിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
കെ.എൽ 13 എസ് 1555 (KL 13 S 1555) എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള മാരുതി ഓമ്നി വാനിലാണ് മണൽ കടത്തിയിരുന്നത്. കണ്ണൂർ സിറ്റി സ്റ്റേഷൻ എസ്.ഐ എം.വി. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണൽ വേട്ട നടത്തിയത്. പിടികൂടിയ മണലും വാഹനവും പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ഓടിരക്ഷപ്പെട്ട ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

