back to top
Tuesday, April 21, 2026
Homeകണ്ണൂർഅധികൃതർ കാത്തിരിക്കുന്നത് വലിയൊരു ദുരന്തത്തിനോ? ഇരിട്ടി-തളിപ്പറമ്പ് പാതയിലെ വീതികുറഞ്ഞ പാലം വലിയ അപകടക്കെണിയാകുന്നു

അധികൃതർ കാത്തിരിക്കുന്നത് വലിയൊരു ദുരന്തത്തിനോ? ഇരിട്ടി-തളിപ്പറമ്പ് പാതയിലെ വീതികുറഞ്ഞ പാലം വലിയ അപകടക്കെണിയാകുന്നു

ഇരിട്ടി: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാത നവീകരിച്ച് നാല് വർഷം പിന്നിട്ടിട്ടും ഇരിട്ടി പാലത്തിനും തന്തോട് നിഖിൽ ആശുപത്രിക്കും ഇടയിലുള്ള ചെറിയ പാലം യാത്രികർക്ക് വലിയൊരു മരണക്കെണിയായി തുടരുന്നു. വീതിയേറിയ റോഡിന് നടുവിലായി സ്ഥിതിചെയ്യുന്ന ഈ ചെറിയ പാലം രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതാണ്. പാലം നവീകരിക്കാനോ അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

പാലത്തിന്റെ ഒരു ഭാഗത്ത് പഴശ്ശി ജലാശയവും മറുഭാഗത്ത് വെള്ളം നിറഞ്ഞ വലിയ തോടുമാണ് ഉള്ളത്. വർഷങ്ങൾക്ക് മുൻപ് തോടിനോട് ചേർന്ന് നിർമ്മിച്ച സംരക്ഷണ കവചങ്ങൾ വാഹനങ്ങൾ ഇടിച്ച് പൂർണ്ണമായും തകർന്നു കിടക്കുകയാണ്. ഇതിന് പുറമെ പാലത്തിന്റെ വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നതിനാൽ ഡ്രൈവർമാർക്ക് പാലത്തിന്റെ അതിരുകൾ പോലും വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയാണ്. കൈവരികളോ റിഫ്ലക്ടറുകൾ പോലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര കൂടുതൽ അപകടകരമാണ്.

ഇരിട്ടിയിൽ നിന്നും തളിപ്പറമ്പ്, ഇരിക്കൂർ, ഉളിക്കൽ, മാട്ടറ ഭാഗങ്ങളിലേക്കുള്ള എല്ലാ വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിക്കുന്നതോടെ കാസർകോട് ഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകരുടെ വാഹനങ്ങൾ രാപകൽ ഭേദമന്യേ സഞ്ചരിക്കുന്ന പാത കൂടിയാണിത്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ഈ പാലത്തിലെത്തുമ്പോൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആശുപത്രി, ക്രിസ്ത്യൻ ദേവാലയം, ഗ്യാസ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് ആളുകൾ കാൽനടയായും അല്ലാതെയും സഞ്ചരിക്കുന്ന വഴിയാണിത്. തകർന്ന കൈവരികൾ പുനർനിർമ്മിക്കാനും, കാടുവെട്ടിത്തെളിച്ച് ദൂരക്കാഴ്ച ഉറപ്പാക്കാനും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശത്തെ വ്യാപാരികളും വാഹനയാത്രക്കാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments