ഇരിട്ടി: ഡൽഹിയിൽ നടക്കുന്ന 69-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ കളരിപ്പയറ്റ് മത്സരങ്ങളുടെ ടെക്നിക്കൽ ഓഫീഷ്യൽ ആൻഡ് ജഡ്ജ് ആയി ഇരിട്ടി പഴശ്ശിരാജ കളരി അക്കാദമിയിലെ ശ്രീജയൻ ഗുരുക്കളെ നിയമിച്ചു. ഡൽഹി ത്യാഗരാജ ഇൻഡോർ സ്റ്റേഡിയത്തിലാണ് ദേശീയ സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒന്നാം സ്ഥാനക്കാരായ വിദ്യാർഥികളാണ് ഈ ദേശീയ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. കേരളത്തിൽ നിന്ന് ശ്രീജയൻ ഗുരുക്കൾക്ക് പുറമെ തിരുവനന്തപുരത്ത് നിന്നുള്ള അംബരീഷ് ഗുരുക്കളെയും ഈ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടെക്നിക്കൽ ഓഫീഷ്യലുമാണ് ശ്രീജയൻ ഗുരുക്കൾ. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, നാഷണൽ ഗെയിംസ്, നാഷണൽ ലീഗ് മത്സരങ്ങൾ, നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകൾ എന്നിവയിൽ ടെക്നിക്കൽ ഒഫീഷ്യലായും ജഡ്ജായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വർഷങ്ങളുടെ അനുഭവസമ്പത്താണ് ഈ പുതിയ നിയമനത്തിന് അർഹനാക്കിയത്. കേന്ദ്ര യുവജന ക്ഷേമകാര്യ മന്ത്രാലയത്തിന്റെയും സ്കൂൾ ഗെയിംസ് ഫെഡറേഷന്റെയും അംഗീകാരമുള്ള ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനാണ് ഈ സുപ്രധാന ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചത്.

