ഇരിട്ടി: പാസ്പോർട്ടോ വിസയോ ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മേലെ സ്റ്റാൻഡിലെ ‘ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ’ ജോലി ചെയ്തിരുന്ന സുമ വാനുവൽ (22) ആണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
പശ്ചിമബംഗാൾ സ്വദേശിനിയാണെന്ന് കാണിച്ച് ഉണ്ടാക്കിയ ആധാർ കാർഡ് വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ഒരു വർഷത്തോളമായി യുവതി ഈ സ്പായിൽ ജോലി ചെയ്തുവരികയായിരുന്നു. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമബംഗാളിലെത്തിയ യുവതി അവിടെവച്ചാണ് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു.
യുവതി ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് ഇവർ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനു ശേഷം, ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കായുള്ള ക്യാമ്പിലേക്ക് മാറ്റും. തുടർന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇരിട്ടി ഇൻസ്‌പെക്ടർ കെ.വി. ഉമേഷ്, എസ്.എച്ച്.ഒ. സി. സനീത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. ശ്രീനാഥ്, വനിതാ എസ്.ഐ. ടി. സന്ധ്യ, എസ്.ഐ. രാജു ജോസഫ്, എ.എസ്.ഐ. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

