back to top
Friday, October 23, 2026
Homekannurദുബായ് - ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ദുബായ് – ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ പൈലറ്റുമാർ തമ്മിലുണ്ടായ അക്രമസംഭവത്തെത്തുടർന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ കമ്പനി താത്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 30-ന് യാത്ര തിരിച്ച FZ1073 എന്ന വിമാനത്തിനുള്ളിലാണ് കോക്ക്പിറ്റിനെ നടുക്കിയ സംഭവമുണ്ടായത്.

വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് വിമാനം ആയിരക്കണക്കിന് അടി താഴേക്ക് നീങ്ങുകയും അടിയന്തര സന്ദേശങ്ങൾ അയക്കുകയും ചെയ്തു. തുടർന്ന് വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.

കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും അക്രമിയെ ചെറുത്തുനിൽക്കാനും യാത്രക്കാരെയും ജീവനക്കാരെയും സഹായിക്കാനും അദ്ദേഹം കാണിച്ച സന്നദ്ധത ഏറെ ശ്രദ്ധിക്കപ്പെട്ടു. വിമാനത്തിനുള്ളിൽ ഭീതിജനകമായ അന്തരീക്ഷമാണ് നിലനിന്നിരുന്നതെന്നും അക്രമിയെ തടയാൻ യാത്രക്കാർ കോക്ക്പിറ്റിലേക്ക് ഓടിയെത്തിയെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്നാണ് തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചത്.

സംഭവത്തിൽ പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരെയും പിന്നീട് മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി ഇസ്രയേലിൽ എത്തിച്ചു. കോക്ക്പിറ്റിൽ ഏറ്റുമുട്ടലുണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടന്നുവരികയാണെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രയേലിലേക്കുള്ള സർവീസുകളുടെ സസ്പെൻഷൻ തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments