ദുബായ്: യാത്രക്കാരുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട നഗരമായ ദുബായിൽ റസിഡൻസി-എമിഗ്രേഷൻ സേവനങ്ങൾ ഇനി കൂടുതൽ ലളിതവും വേഗത്തിലുമാകും. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഭരണസംവിധാനത്തെ അടിമുടി നവീകരിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പുത്തൻ ചുവടുവെപ്പുകൾ ആരംഭിച്ചു.
സർക്കാർ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും എടുക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനം വകുപ്പ് വികസിപ്പിച്ചു കഴിഞ്ഞു. ഇത് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയും ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുകയും ചെയ്യും. ഭാവിയിലെ വെല്ലുവിളികൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാനും, തിരക്കുകളും തടസ്സങ്ങളും മുൻകൂട്ടി മനസ്സിലാക്കി അതിവേഗം പരിഹാരം കാണാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതാണ് പുതിയ സംവിധാനം.
ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറിയുടെ അധ്യക്ഷതയിൽ നടന്ന പത്തിലേറെ ഉന്നതതല അവലോകന യോഗങ്ങളിലാണ് ഈ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകിയത്. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ദൗത്യത്തിന് നേതൃത്വം നൽകി. നിർമിതബുദ്ധിയുടെ ഉപയോഗം സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിൽ നിർണായകമാകുമെന്നും, പുതിയ മാറ്റങ്ങൾ യു.എ.ഇയിലെ പ്രവാസികൾക്കും സന്ദർശകർക്കും വലിയ ആശ്വാസമാകുമെന്നും അധികൃതർ വ്യക്തമാക്കി.

